ന്യൂദല്‍ഹി: കമ്യൂണിസ്റ്റ് ഭീകരവാദം മൂലം തകര്‍ച്ചയിലായ ഗ്രാമങ്ങള്‍ക്ക് പുതുജീവന്‍ നല്കാനുള്ള മാതൃക വികസന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
പതിറ്റാണ്ടുകളായുള്ള നക്സല്‍ പ്രവര്‍ത്തനങ്ങള്‍ കാരണം അശാന്തിയും അസ്ഥിരതയും നിലനിന്നിരുന്ന പ്രദേശങ്ങളിലെ ഗതാഗത സംവിധാനം, വാര്‍ത്താവിനിമയം തുടങ്ങിയവ എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രൊജക്ടുകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം പ്രഥമ പരിഗണന നല്കിയിരിക്കുന്നത്. റോഡ് ശൃംഖലകളുടെ വിപുലീകരണം, ടെലികോം കണക്ടിവിറ്റി മെച്ചപ്പെടുത്തല്‍, നൈപുണ്യ വികസനം, എടിഎമ്മുകളും പോസ്റ്റ് ഓഫീസുകളും സ്ഥാപിക്കല്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ നടപ്പാക്കി വരികയാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം, കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷമാണ് പുലരുന്നത്. ഇവിടങ്ങളിലെ സാമൂഹിക-സാമ്പത്തിക അന്തരം നികത്താനും ആക്രമണങ്ങള്‍ ഇല്ലാതാക്കാനും സാധിച്ചു.
കൂടുതലായും മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് മൃതകാ പദ്ധതികള്‍ ആരംഭിച്ചത്. ഇവിടങ്ങളിലെ സുഗമ ഗതാഗതത്തിനായി 13,234 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. കൂടാതെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്. ടെലികോം കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഒന്നാം ഘട്ടത്തില്‍ 2,343 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി 2542 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്നു വരികയാണെന്നും മന്ത്രി വിശദമാക്കി.
പ്രശ്ന ബാധിതമായിരുന്ന പ്രദേശങ്ങളിള്‍ 927 ബാങ്ക് ശാഖകള്‍ തുറന്നു. കൂടാതെ 27,513 ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ നിയമിച്ചു. 90 ജില്ലകളിലായി 4,903 പോസ്റ്റ് ഓഫീസുകള്‍ ആരംഭിച്ചു. നൈപുണ്യ വികസനത്തിനായി, 43 ഐടിഐകളും 38 നൈപുണ്യ വികസന കേന്ദ്രങ്ങളും തുടങ്ങി. 125 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.
സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്‍ഡിച്ചറിനായി 306.95 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്കായാണ് ഫണ്ട് വകയിരുത്തിയത്. ബിഹാര്‍, ഛത്തീസ്ഗഡ് ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്.
2010നെഅപേക്ഷിച്ച് 2022 ല്‍ ആക്രമ സംഭവങ്ങള്‍ 77 ശതമാനമായി കുറഞ്ഞു. ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളില്‍ 90 ശതമാനവും കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: