ന്യൂദല്‍ഹി: “1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ പി.വി. നരസിംഹറാവു മൗനത്തിലായിരുന്നു. 2011ല്‍ മണിപ്പൂരില്‍ സംഘര്‍ഷമുണ്ടാവുകയും 100 ദിവസത്തോളം റോഡുകള്‍ നിശ്ചലമാവുകയും ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാര്‍ലമെന്‍റില്‍ മൗനത്തിലായിരുന്നു. ഇത് നിങ്ങളുടെ സൗകര്യമനുസരിച്ചുള്ള രാഷ്‌ട്രീയമല്ലാതെ മറ്റെന്താണ്?”- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആഞ്ഞടിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പ്.
മുന്‍പ് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാത്തവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് ബഹളം വെയ്‌ക്കുന്നത് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പ്രസ്തവാന നടത്തണമെന്ന ആവശ്യത്തിന്റെ പേരില്‍ കഴിഞ്ഞ 17 ദിവസമായി അവര്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണ്. – സിന്ധ്യ പറഞ്ഞു.
സിന്ധ്യ തൊലിയുരിക്കാന്‍ തുടങ്ങിയതോടെ കള്ളം വെളിച്ചത്താവുന്നു എന്ന് കണ്ട പ്രതിപക്ഷം തന്ത്രപൂര്‍വ്വം ഒന്നടങ്കം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. “ഈ വാക്കൗട്ടിനര്‍ത്ഥം പ്രതിപക്ഷത്തിന് തന്നെ സ്വന്തം അവിശ്വാസപ്രമേയത്തെക്കുറിച്ച് വിശ്വാസമില്ല എന്നാണ്. പുറത്തേക്കുള്ള വഴി ഒരിയ്‌ക്കല്‍ ജനങ്ങള്‍ തന്നെ ഒരിയ്‌ക്കല്‍ പ്രതിപക്ഷത്തിന് കാണിച്ച് കൊടുത്തതാണ്. ഇപ്പോള്‍ അവര്‍ വീണ്ടും പാര്‍ലമെന്‍റിനകത്ത് നിന്നും കൂടി പുറത്തേക്ക് പോവുകയാണ്. “- സിന്ധ്യ പരിഹസിച്ചു.
“നമ്മുടെ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്‍റിന് പുറത്ത് സംസാരിച്ചിരുന്നു. പക്ഷെ പാര്‍ലമെന്‍റിനകത്ത് ചര്‍ച്ച വേണമെന്ന് അവര്‍ വാശിപിടിക്കുന്നു. ആഭ്യന്തരമന്ത്രി പല തവണ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ 17 ദിവസമായി പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല.
ഇന്ത്യ എന്ന പ്രതിപക്ഷ മുന്നണി സ്വന്തം ഔന്നത്യത്തെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണ്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ നടത്തിയ വിലകുറഞ്ഞ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിപക്ഷം മാപ്പ് പറയണം”-ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.
“20 വര്‍ഷത്തോളമായി ഞാന്‍ പാര്‍ലമെന്‍റിന്റെ ഭാഗമാണ്. പക്ഷെ ഇന്നുവരെ സഭയില്‍ ഇത്തരമൊരു സ്ഥിതിവിശേഷം കണ്ടിട്ടില്ല. പ്രധാനമന്ത്രിയെക്കുറിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടത്തുന്ന വില കുറഞ്ഞ പരാമര്‍ശങ്ങളുടെ പേരില്‍ അവര്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞില്ലെങ്കിലും ഇത് കാണുന്ന ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ മാപ്പ് പറയണം. പ്രധാനമന്ത്രിയുടെയോ രാഷ്‌ട്രപതിയുടെയോ പദവിയെക്കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല. പ്രതിപക്ഷത്തിന് അവരുടെ പദവിയെക്കുറിച്ച് മാത്രമേ ശ്രദ്ധയുള്ളൂ. “- അദ്ദേഹം പറഞ്ഞു.
“വടക്ക് കിഴക്കന്‍ സംസ്ഥാനത്തിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ എല്ലാക്കാലത്തും ആളിക്കത്തിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെയാണ്. ഇവിടെ അക്രമം ഉണ്ടാക്കാന്‍ അവര്‍ വിദേശ രാഷ്‌ട്രങ്ങളെ അനുവദിക്കുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വിഘടനവാദികളെ കൊണ്ടുവന്നതും അവർക്ക് പൗരത്വവും പാർപ്പിടവും നൽകിയതും കോൺഗ്രസാണ്. സ്വന്തം നേട്ടത്തിനായി കോൺഗ്രസ് നടത്തിയ പ്രീണന രാഷ്‌ട്രീയത്തിൽ നിന്നാണ് വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം മണിപ്പൂര്‍ സമാധാനപൂര്‍ണ്ണമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോഴത്തേതിനേക്കാള്‍ സായുധ കലാപങ്ങള്‍ മൂന്ന് മടങ്ങ് കുറവാണിപ്പോള്‍. “- ജ്യോതിരാദിത്യ സിന്ധ്യ കണക്കുകള്‍ നിരത്തി അവകാശപ്പെട്ടു.
“യുപിഎയുടെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തിരസ്‌കരിക്കപ്പെട്ട 7 സഹോദരിമാർ എന്നായിരുന്നു അറിയപ്പെട്ടത്. വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴ് സഹോദരിമാര്‍ (ഏഴ് സംസ്ഥാനങ്ങള്‍) മോദി സര്‍ക്കാിന് മുന്‍പ് പാടെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ സംസ്ഥാനങ്ങളെ തമ്മില്‍ തമ്മിലും പുറത്തെ രാഷ്‌ട്രങ്ങളുമായും ബന്ധിപ്പിച്ചു.” – സിന്ധ്യ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: