ശിവപ്രസാദ് പട്ടാമ്പി
വടക്കാഞ്ചേരി: പൂക്കളും പൂത്തുമ്പികളും നിറഞ്ഞ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്. വളയിട്ട കൈകളുടെ കരുത്തില്‍ ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ നിറഞ്ഞ ആയിരക്കണക്കിന് ചെണ്ടുമല്ലിപ്പൂക്കള്‍ കൗതുകക്കാഴ്ചയാവുന്നു.
മുളങ്കുന്നത്ത്കാവ് പഞ്ചായത്തിലെ കൊങ്ങന്‍പാറ കുന്നിന് മുകളിലാണ് മികവിന്റെ തോട്ടം. സ്നേഹ കുടുംബശ്രീ കൂട്ടായ്മയിലെ ഐശ്വര്യ, കാരുണ്യ ജെഎല്‍ജി ഗ്രൂപ്പുകളിലെ 12 പേരടങ്ങുന്ന സംഘമാണ് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ രചിച്ചത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാല്‍ നിറഞ്ഞുകഴിഞ്ഞു തോട്ടം. പൂന്തേന്‍ നുകരാന്‍ എത്തുന്ന ശലഭങ്ങളും തേനീച്ചകളുമൊക്കെ നയനമനോഹര കാഴ്ച തന്നെ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇവിടെ കൃഷി ഒരുക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് എത്തിച്ച ഹ്രൈബ്രിഡ് ഇനത്തില്‍ പെട്ട 5000 തൈകള്‍ ഉപയോഗിച്ചാണ് കൃഷിയിറക്കിയത്.
പരിപാലനവും ശ്രദ്ധയും പ്രധാനമാണെന്ന് വനിതകള്‍ പറയുന്നു. കൃത്യമായി വളപ്രയോഗം നടത്തണം. ഓണവിപണി ലക്ഷ്യമിട്ടാണ് ജൂണ്‍ പകുതിയോടെ കൃഷിയിറക്കിയത്. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായവും പ്രോത്സാഹനവും തങ്ങള്‍ക്ക് കരുത്ത് പകരുന്നതായും വനിതകള്‍ പറയുന്നു.
വിളവെടുക്കുന്ന പൂക്കള്‍ പ്രാദേശികമായും മൊത്തക്കച്ചവടക്കാര്‍ മുഖേനയും വിറ്റഴിക്കുന്നതാണ് ഇവരുടെ രീതി. കുന്നിന്മുകളിലാണ് കൃഷി എന്നത് കൊണ്ട് തന്നെ വെള്ളം ലഭിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. എങ്കിലും ആവശ്യമായ ഇടവേളകളില്‍ മഴ ലഭിച്ചത് ആശ്വാസമായതായും അവര്‍ വ്യക്തമാക്കി. കൊങ്ങന്‍പാറ കുന്നിന് മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കളും ഓണനാളുകളെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: