തൃശൂര്‍: അഞ്ചുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 വിന് ജില്ലയില്‍ തുടക്കമായി.
ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളില്‍ നടത്തിയ സര്‍വേ പ്രകാരം ജില്ലയില്‍ വാക്‌സിനേഷന്‍ ചെയ്യാത്തതോ മുടങ്ങിയതോ ആയ 8243 കുട്ടികളുണ്ട്. ഇവരുടെ രക്ഷിതാക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിനാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം ഒരുക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് 12 വരെയും രണ്ടാംഘട്ടം സപ്തം. 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോ. 9 മുതല്‍ 14 വരെയും നടക്കും. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പാണ് മിഷന്‍ ഇന്ദ്രധനുഷില്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും തുടര്‍ കുത്തിവെപ്പുകള്‍ മുടങ്ങിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
2018 ആഗസ്റ്റ് 6 നോ അതിന് ശേഷമോ ജനിച്ചിട്ടുള്ളതും ഒന്നോ അതിലധികമോ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടില്ലാത്തതുമായ കുട്ടികള്‍ക്ക് ഇന്ദ്രധനുഷിന്റെ ഭാഗമാവാം. ബോധവത്കരണത്തിന്റെ ഭാഗമായി ഓട്ടന്‍തുള്ളലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാതല വാക്‌സിനേഷന്‍ യജ്ഞം ഉദ്ഘാടനം പാവറട്ടി സെ. ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ നിര്‍വഹിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: