മാറനല്ലൂര്‍: ഒന്നര മാസം മുമ്പ് ഉദ്ഘാടനം ചെയ്ത മലവിളപ്പാലത്തിന് സമീപമുള്ള അപ്രോച്ച് റോഡിലെ ബണ്ട് തകര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നവീകരണ ജോലികള്‍ ഒന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. പൈപ്പ് പൊട്ടലിനെ തുടര്‍ന്നാണ് കനാലിന് വശത്തെ ബണ്ടും റോഡും തകര്‍ന്നത്. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടപ്പോള്‍ തന്നെ അപ്രോച്ച് റോഡ് തകര്‍ന്നത് ഏറെ വിവാദം സ്യഷ്ടിച്ചിരുന്നു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിരമായി വിഷയത്തില്‍ ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് റോഡ് തകര്‍ന്നിട്ടില്ലന്നും ബണ്ട് തകര്‍ച്ചയാണ് ഉണ്ടണ്ടായതെന്നും ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ അടി ഭാഗത്തെ മണ്ണ് പൂര്‍ണമായും ഒലിച്ചുപോയി. ശേഷിക്കുന്ന ഭാഗം എത് നിമിഷവും നിലം പൊത്തും. റോഡ് അടച്ചിടുകയും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്.
അടിയന്തിരമായി തന്നെ ബണ്ട് നവീകരണം നടത്തുമെന്നും ജലസേചന വകുപ്പാണ് ഇത് ചെയ്യുന്നതെന്നും അറിയിച്ചെങ്കിലും ഒരു നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാതായി ജലസേചന വകുപ്പ് അധിക്യതര്‍ വ്യക്തമാക്കുമ്പോള്‍ പണി എന്ന് തുടങ്ങുമെന്നോ എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നോ സാധിക്കുന്നുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് അടച്ചിട്ടിരിക്കുന്നത് കാരണം സ്‌കൂള്‍ വാഹനങ്ങളുള്‍പ്പെടെ ഇപ്പോള്‍ അരുമാളൂര്‍ വഴി ചുറ്റി കറങ്ങിയാണ് പോകുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടായി മാറുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ബണ്ട് തകര്‍ച്ചയുണ്ടണ്ടായ മണ്ണടിക്കോണത്ത് നവീകരണം ഇതു വരെ നടത്തിയിട്ടില്ല. അതുപോലെ ഇവിടേയും റോഡും ബണ്ടും ഉപേക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: