ചെറുതുരുത്തി (തൃശൂര്‍): സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും, സര്‍വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. മൂന്ന് വര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ വീണ്ടും അതേ സ്ഥലത്ത് കാലങ്ങളായി തുടരുന്നതിനെതിരെയും, സര്‍ക്കാരില്‍ നിന്നും താമസ വാടക കൈപ്പറ്റി സ്വന്തം വീടുകളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്തും, തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലുള്ള പുതുശ്ശേരി കരുവാന്പടി കൂട്ടുകൃഷി സംഘം കണ്‍വീനര്‍ കെ.കെ. ദേവദാസ് നല്കിയ പരാതിയിലാണ് സര്‍ക്കാരിന്റെ അടിയന്തര നിര്‍ദ്ദേശം.
ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നാണ് നിയമം. ഇതിനായി, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പറേഷന് എന്നിവ അടിസ്ഥാനമാക്കി ശമ്പളത്തിന്റെ നാല് മുതല്‍ പത്ത് ശതമാനം വരെയാണ് വീട്ടു വാടകയിനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്. എന്നാല്‍ വാടക കൈപ്പറ്റി ഉദ്യോഗസ്ഥര്‍ ദൂരെയുള്ള സ്വന്തം വീടുകളില്‍ താമസിക്കുകയാണെന്നും ഇത് സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവെക്കുന്നതായും ദേവദാസ് നല്കിയ പരാതിയില്‍ പറയുന്നു.
വിവരാവകാശ നിയമം 2005 പ്രകാരം തൃശൂര്‍ ജില്ലയിലെ 105 കൃഷിഭവനുകളിലെ കൃഷി ഓഫീസര്‍മാര്‍ എത്ര കാലമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നു എന്നറിയാനായി ദേവദാസ് നല്കിയ അപേക്ഷയില്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ജില്ലയിലെ 26 കൃഷിഭവനുകളിലും കൃഷി ഓഫീസര്‍മാര്‍ ഒരേ സ്ഥലത്ത് മൂന്നര മുതല്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയത്. ഇങ്ങനെ ചെയ്യുന്നത് മൂലം ഇത്തരം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂമാഫിയകള്‍ വ്യാപകമായി നിലം തരം മാറ്റുകയും, നികത്തുകയും ചെയ്യുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരം ക്രമക്കേടുകളും, അഴിമതിയും ഇല്ലാതാക്കാന്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുസ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കുകയും, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സിസിടിവി ക്യാമറയും, ഉദ്യോഗസ്ഥര്‍ക്ക് പഞ്ചിങ്ങും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് അഡീ. ചിഫ് സെക്രട്ടറി, സംസ്ഥാന കൃഷി ഡയറക്ടര്‍, കൃഷിവകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള എല്ലാ വിഷയങ്ങളിലും തുടര്‍നടപടി ഉണ്ടാകണമെന്ന് കാണിച്ച് കൃഷി ഡയറക്ടര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് എന്നിവര്‍ക്ക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: