കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കേരളത്തിന്റെ ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരില്‍. മേലേ ചൊവ്വയിലെ ലോക്നാഥ് കൈത്തറി സംഘത്തിലാണ് കുര്‍ത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്. പാലാ രാമപുരം മേതിരി സ്വദേശിനി അഞ്ജു ജോസാണ് കുര്‍ത്ത രൂപകല്‍പ്പന ചെയ്യുന്നത്.
ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേര്‍ന്ന നൂലുകളുള്ള കുര്‍ത്തയാണ് മോദിക്കായി ഒരുങ്ങുന്നത്. പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറാണ് അഞ്ജു . കുര്‍ത്ത തുന്നുന്നതിനുള്ള തുണിയുടെ നിറവും പാറ്റേണുമാണ് അഞ്ജു രൂപകല്പന ചെയ്തത്. ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേര്‍ന്നു കുത്തനെ വരയോടു കൂടിയതാണ് കുര്‍ത്ത. പ്രധാനമന്ത്രിക്കും മറ്റു പ്രമുഖര്‍ക്കും കേരളം ഔദ്യോഗികമായി സമ്മാനിക്കുന്നതിനുള്ള കുര്‍ത്തയുടെ തുണി കണ്ണൂരിലെ സഹകരണ സംഘത്തിലാണ് നെയ്തെടുക്കുന്നത്.
ഹാന്‍ടെക്സിന്റെ തിരുവനന്തപുരത്തെ തുന്നല്‍ കേന്ദ്രത്തിലാണ് കുര്‍ത്ത തയ്ക്കുന്നത്. ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ കെ.എസ്. അനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി.വിനോദ് കുമാര്‍ നെയ്തെടുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: