ന്യൂദല്‍ഹി: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), അന്വേഷണം നടക്കുന്നതായി കേന്ദ്രം. കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് സഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിങാണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെ. സുധാകരന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എട്ടുകോടി രൂപയുടെ ഈട്ടി മരങ്ങള്‍ അനധികൃതമായി വെട്ടിവിറ്റ കേസില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത 121/ 2021, എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത് സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയതായും മന്ത്രി അറിയിച്ചു.
പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിങ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിങ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ടെത്തി. കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്ഥാപനത്തിനും തൊഴിലുടമയ്‌ക്കും എതിരെ ആരംഭിച്ചിട്ടുണ്ട്. ഡിമാന്‍ഡ് നോട്ടീസ് നല്കല്‍, ബാങ്കുകള്‍ക്ക് നോട്ടീസ് നല്കുക, ജീവനക്കാരുടെ ശമ്പളം, പിഎഫ് എന്നിവ വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ മുന്‍ എംഡി നികേഷ് കുമാറിന് എന്തുകൊണ്ട് അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കരുത് എന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കല്‍ എന്നിവ ചെയ്തിട്ടുണ്ട്.
ടെലികാസ്റ്റിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി ഉടമകള്‍ തന്നിട്ടില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം കൈമാറിയതായാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും രേഖകളും കൈമാറാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, കമ്പനിക്ക് നിര്‍ദേശം നല്‍കിയതായും മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: