മധുര: കേവലം പേര് മാറ്റം കൊണ്ട് ഒന്നും ഉണ്ടാവില്ല. യുപിഎ ഭരണത്തില്‍ നടന്ന ‘പന്ത്രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ അഴിമതി ജനങ്ങള്‍ എപ്പോഴും ഓര്‍ക്കും. പുതിയ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
തമിഴ് നാട്ടില്‍ ബി.ജെ.പിയുടെ ആറുമാസം നീണ്ടുനില്‍ക്കുന്ന ‘എന്‍ മണ്ണ്, എന്‍ മക്കള്‍’ എന്ന പദയാത്ര മധുരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാമേശ്വരത്ത് നിന്ന് ആരംഭിക്കുന്ന 168 ദിവസത്തെ പദയാത്ര സംസ്ഥാനത്തുടനീളമുള്ള 234 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത വര്‍ഷം ജനുവരി 11 ന് സമാപിക്കും. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് യാത്ര നയിക്കുന്നത്.
തമിഴ്നാടിനെ വംശ രാഷ്ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും മോചിപ്പിക്കാനും സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുമാണ് യാത്ര ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന വേളയില്‍ അമിത്ഷാ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി ജാതി രാഷ്ട്രീയം, കുടുംബവാദം, പ്രീണനം, പ്രാദേശികവാദം എന്നിവ ഒഴിവാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്ര വെറും രാഷ്ട്രീയം മാത്രമല്ല, തമിഴ് ഭാഷ ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ കൂടിയാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രയിലൂടെ അണ്ണാമലൈ തമിഴ്നാട്ടിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയത പ്രചരിപ്പിക്കും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴില്‍ മോദി സംസാരിച്ചതും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
ഡിഎംകെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ്. അവരുടെ ഒരു മന്ത്രിയെ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. , ജയിലിലായിട്ടും അദ്ദേഹം ഇപ്പോഴും മന്ത്രിയാണെന്ന് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിന് രാജി ആവശ്യപ്പെടില്ല.കാരണം സ്റ്റാലിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മന്ത്രി പുറത്തു പറയും- അമിത് ഷാ പറഞ്ഞു.
ഡിഎംകെ കൂടി ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കുറിച്ചും അമിത് ഷാ പറഞ്ഞു. ‘പേര് മാറ്റുന്നത് കൊണ്ട് ഒന്നും ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസിനോടും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോടും എനിക്ക് പറയാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ ഭരണകാലത്തെ കോമണ്‍വെല്‍ത്ത് കുംഭകോണം, 2ജി കുംഭകോണം, കല്‍ക്കരി കുംഭകോണം, ഹെലികോപ്റ്റര്‍ കുംഭകോണം, അന്തര്‍വാഹിനി കുംഭകോണം, ഐഎസ്ആര്‍ഒ കുംഭകോണം തുടങ്ങി പലതും ജനങ്ങള്‍ ഓര്‍ക്കും.
യാത്രയ്ക്കിടെ നിശ്ചയിച്ചിട്ടുളള 10 പ്രധാന റാലികളില്‍ ഓരോന്നിലും ഒരു കേന്ദ്രമന്ത്രിയെങ്കിലും പ്രസംഗിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച അണ്ണാമലൈ പറഞ്ഞു.സംസ്ഥാനത്ത് ഭരണ വിരുദ്ധതയുണ്ട്. ജനങ്ങള്‍ക്ക് ഡിഎംകെയെയോ ഡിഎംകെ പിന്തുണയ്ക്കുന്ന ഏതെങ്കിലും പാര്‍ട്ടിയെയോ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: