തൃശൂര്‍: ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ പാര്‍ട്ടി നടപടി. ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎം നേതൃത്വത്തിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ദീര്‍ഘകാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ചുമതലയില്‍ നിന്ന് നിര്‍ബന്ധിത അവധി എടുക്കണമെന്ന് വൈശാഖനോട് സിപിഎം നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ നടത്തുന്ന സമ്മേളനത്തിന് മുന്നോടിയായുള്ള ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വൈശാഖനെ മാറ്റിയിട്ടുണ്ട്. പകരം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശരത്പ്രസാദിനെ ക്യാപ്റ്റന്‍ ആയി നിയോഗിച്ചു. 29 നാണ് ജാഥ തുടങ്ങുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സെക്രട്ടേറിയറ്റ് നിര്‍ദേശം പിന്നീട് ജില്ലാ കമ്മിറ്റിയും അംഗീകരിച്ചു. അതേസമയം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് പരാതിക്കടിസ്ഥാനമെന്ന് വൈശാഖനെ പിന്തുണക്കുന്നവര്‍ പറയുന്നു. ജില്ലയിലെ ഒരു എംഎല്‍എയാണ് പരാതിക്ക് പിന്നിലെന്നും പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും സിപിഎമ്മിന് വേണ്ടി സജീവമായിരുന്നു വൈശാഖന്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ്. പരാതിയില്‍ കൂടുതല്‍ അന്വേഷണവും നടപടിയുമുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അതേസമയം ചികിത്സയുടെ ഭാഗമായിട്ടാണ് അവധിയെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: