കുമരകം: കരാര്‍ പ്രകാരം കോണത്താറ്റ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നാല് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. കോണത്താറ്റ് പാലം നിര്‍മാണ ഉദ്ഘാടന ദിവസം നാട്ടുകാരുടെ കൈയ്യടി നേടിയ പ്രഖ്യാപനമാണ് മന്ത്രിയും കരാറുകാരനും നടത്തിയത്. 18 മാസമെന്തിന് ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും എന്നതായിരുന്നു ആ പ്രഖ്യാപനം.
നിര്‍മാണോദ്ഘാടനം കഴിഞ്ഞ് 14 മാസവും13 ദിവസവും പിന്നിടുമ്പോള്‍ കോണത്താറ്റ് പാലം നിര്‍മാണം എങ്ങുമെത്താതെ നിലയിലാണ്. 18 മാസം നിര്‍മാണ കാലാവധി എന്നിരിക്കെ അപ്രോച്ച് റോഡ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍.
2022 മെയ് മാസം ഒന്‍പതാം തീയതി പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നടന്നെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. കരാറുകാരനുമായുള്ള എഗ്രിമെന്റ് കിഫ്ബി ഒപ്പിടാത്തതും മൂലം ആറു മാസങ്ങള്‍ക്ക് ശേഷം നവംമ്പര്‍ ഒന്നിനാണ് പാലം പൊളിച്ച് നീക്കി പണികള്‍ ആരംഭിച്ചത്. ഇതോടെ ആറുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന ആദ്യ പ്രഖ്യാപനം വെറുതെയായി. എന്നാല്‍ 2022 നവംബര്‍ ഒന്നാം തീയതി ആരംഭിച്ച നിര്‍മ്മാണം എട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും പാതിപോലും പൂര്‍ത്തീകരിക്കാത്ത നിലയിലാണ്. ശരവേഗത്തില്‍ നിര്‍മാണമെന്ന് പറയുമ്പോഴും 2-3 തൊഴിലാളികളാണ് പാലത്തിന്റെ പണികള്‍ക്കായി ഇവിടെയുള്ളത്.
നാല് ബീമുകളില്‍ ഒരെണ്ണം കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞു. രണ്ടാമത്തെ ബീം അടുത്ത ആഴ്ച കോണ്‍ക്രീറ്റ് ചെയ്യുമെന്ന് എന്‍ജിനീയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നത്. മാസങ്ങളായി മഴയും വെയിലും ഏറ്റ് ബീമിന്റെ കമ്പികള്‍ തുരുമ്പെടുത്തു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഡിസൈനിങ് വിഭാഗത്തില്‍ നിന്നും അപ്രോച്ച് റോഡിന്റെ രൂപഘടന കരാറുകാര്‍ക്ക് ലഭിച്ചിട്ടില്ല. ഡിസൈന്‍ ലഭിച്ചാല്‍ മാത്രമേ പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സമയം കണക്കാക്കാന്‍ സാധിക്കൂ. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും, ഇരുവശങ്ങളിലുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: