തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തിൽ ഗുരുതര വീഴ്ച. ജനക്കൂട്ടത്തെ നിയന്ത്രി ക്കാൻ സൗകര്യമൊരുക്കിയില്ല. സെക്രട്ടേറിയറ്റിലെ ദർബാർഹാ ളിൽപോലും സുരക്ഷ ഒരുക്കാതെ സർക്കാർ.
ഇന്നലെ പുലർച്ചെ ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ പൊതുദർശനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിച്ചതാണ്. ആദ്യം വീട്ടിലും പിന്നീട് ദർബാർ ഹാളിലും സമീപത്തെ പള്ളിയിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകുമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസുമായുള്ള വാഹന വ്യൂഹം പോലും കുരുക്കിൽപെട്ടു. ജഗതിയിലെ വീടിനു മുന്നിൽ രാവിലെ മുതൽ പോലീസ് സന്നാഹം എത്തിയെങ്കിലും 150 മീറ്റർ ഭാഗം ആംബുലൻസ് കടന്നത് അരമണിക്കൂറെടുത്താണ്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും വീടിന്റെ രണ്ട് ജനൽ തകർന്നു. തിരക്ക് വർധിച്ചതോടെ ഉമ്മൻചാണ്ടിയെ അവസാനമായി കാണാനെത്തിയവരെ ദർബാർ ഹാളിലേക്ക് പറഞ്ഞുവിട്ടു.
എന്നാൽ ദർബാർ ഹാളിൽ പൊതുദർശനത്തിനുള്ള ഒരു സൗകര്യവും ഒരുക്കിയില്ല. വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു. ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കാൻ പോലും പ്രയാസപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കുടുംബംപോലും അകത്തേക്ക് കയറാനാകാതെ തിരക്കിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും തിക്കിലും തിരക്കിലും കുടുങ്ങി. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് അന്തിമോപചാരം അർപ്പിച്ചശേഷം മുഖ്യമന്ത്രിയെ ദർബാർഹാളിൽ നിന്നും മാറ്റിയത്.
മുഖ്യമന്ത്രി പോയതോടെ ജനം ഇടിച്ചുകയറി. അകത്തു കയറിയവർക്ക് പുറത്തേക്ക് ഇറങ്ങാൻ വഴിയൊരുക്കിയിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനാകാതെ പലരും അതീവ ദുഃഖത്തോടെ മടങ്ങി. തിരക്കിൽ കുടുംബാംഗങ്ങൾക്ക് പോലും ഭൗതിക ശരീരത്തിനടുത്ത് നിൽക്കാനായില്ല. കുടുംബാംഗങ്ങൾ ശാരീരികബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് ഒടുവിൽ ദർബാർഹാളിന്റെ വാതിലുകൾ അടച്ചിട്ടു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല. അവർ മണിക്കൂറുകൾ തിരക്കിൽപ്പെട്ടു നിന്നു. ഏറെ നേരം കഴിഞ്ഞാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയത്. അപ്പോഴാണ് അവർക്ക് ഇരിപ്പിടം പോലും നൽകിയത്.
പൊതുദർശനത്തിന് സർക്കാർ ഒരു നിർദ്ദേശവും നൽകിയിരുന്നില്ലെന്ന് പോലീസുകാർ പറയുന്നു. ദർബാർ ഹാളിൽ പൊതുദർശനം എന്നുമാത്രമാണ് അറിയിച്ചത്. അതിനാൽ മറ്റ് കാര്യങ്ങളോ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നില്ല. ജില്ലയിലെ മന്ത്രിയായ വി.ശിവൻകുട്ടിക്കാണ് പൊതുദർശനത്തിന്റെ ചുമതല നൽകിയത്. രാഷ്ട്രീയ വൈരാഗ്യത്താലാണ് പൊതുദർശനത്തിന് മതിയായ സൗകര്യം ഒരുക്കാത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: