തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി ഭരണം കൈയാളുമ്പോഴും ഉമ്മന്‍ ചാണ്ടി എന്ന നേതാവ് പുതുപ്പള്ളിക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കുഞ്ഞൂഞ്ഞ് ആണെങ്കില്‍ രാഷ്ട്രീയകേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഒസി ആയിരുന്നു. സിഎം എന്ന വിളിയേക്കാള്‍ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത് ഒസി എന്ന രണ്ടക്ഷരമാണ്. സൗമ്യമായ പുഞ്ചിരയോടെ എന്തിനേയും നേരിട്ടിരുന്ന നേതാവ്. സ്വന്തംപാര്‍ട്ടിയിലെ ഗ്രൂപ്പിസത്തില്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ തലതൊട്ടപ്പന്. കേരളത്തിലെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്, ജനസമ്പര്‍ക്കമെന്ന പരിപാടിയിലൂടെ ജനങ്ങള്‍ക്കിടയിലെ സമ്പര്‍ക്കം ഊട്ടിയുറപ്പിച്ച ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. സോളാര്‍ അഴിമതി എന്ന പ്രതിപക്ഷ ആയുധത്തിന് മുന്നില്‍ ആദ്യം അടിപതറിയ ഉമ്മന്‍ ചാണ്ടി പിന്നീട് തന്ത്രങ്ങളാല്‍ അതിനെയും അതിജീവിച്ചു.
പുതുപ്പള്ളിയില്‍ തോല്‍പ്പിക്കാന്‍ എതിരാളിയായി ആരെങ്കിലും ഉണ്ടോ എന്ന് തുടര്‍ച്ചയായി പതിനൊന്ന് തിരഞ്ഞെടുപ്പുകളിലും ചോദിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. സ്വന്തം മണ്ഡലത്തിന്റെ പേര് തിരുവനന്തപുരത്ത് സ്വന്തമായി നിര്‍മ്മിച്ച വീടിന് പേരിട്ട മറ്റൊരു ജനപ്രതിനിധി നമ്മുടെ മുന്നിലില്ല. പുതുപ്പള്ളിയുടെ പര്യായമായി ഉമ്മന്‍ചാണ്ടി മാറിയതിന്റെ തെളിവാണിത്. ഉമ്മന്‍ചാണ്ടിക്കു പകരം മറ്റൊരാളെ ഇന്നും നാളെയും ജയിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറാകില്ല. തീപ്പൊരി യുവ നേതാക്കളായ സിന്ധു ജോയ്, ജെയ്ക് സി.തോമസ്, വര്‍ഷങ്ങളോളം ഉമ്മന്‍ചാണ്ടിയുടെ നിഴലായി കൂടെ നിന്ന ചെറിയാന് ഫിലിപ്പ് അടക്കം പലരെയും പരീക്ഷിച്ചു നോക്കി. ഒന്നും ഫലം കണ്ടില്ല
മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതിനാല്‍ ഇടമില്ലാതെ അകമ്പടി കാറില്‍ പലപ്പോഴും ഇരിക്കുന്ന ഉമ്മന്‍ചാണ്ടി അപൂര്‍വ കാഴ്ചയല്ലായിരുന്നു. എം.എല്‍.എ ഹോസ്റ്റലിലെ കട്ടിലില്‍ നേരത്തേ പ്രവര്‍ത്തകര്‍ കയറി കിടക്കുന്നതിനാല്‍ ഇടമില്ലാതെ തറയില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ചാണ്ടിയും പഴയ കഥയല്ല. മാനസിക ആസ്വാസ്ഥ്യമുള്ള ഒരാള്‍ തന്റെ മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്നതും ഫലിതമെന്നോണം ചെറുപുഞ്ചിരിയോടെ മാത്രം കണ്ട സംഭവവമുണ്ട്.
വീട്ടിലെ അടുക്കളയില്‍ വരെ പ്രവര്‍ത്തകര്‍ക്ക് കയറി ഉള്ളതെല്ലാം എടുത്തു തിന്നാന്‍ അവകാശം നല്കിയ നേതാവായിരുന്നു ഒസി. മുഖ്യമന്ത്രി ആയിരിക്കെ ക്ലിഫ് ഹൗസില്‍ രാത്രി വെളുക്കുവോളം ജനങ്ങളുടെ പ്രവാഹമാണ്. ഉമ്മന്‍ ചാണ്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്ലിഫ് ഹൗസ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുയായികളുടേയും സങ്കേതമായിരുന്നു. പ്രവര്‍ത്തകരുടെ തിക്കും തിരക്കും മറ്റു നേതാക്കള്‍ക്ക് അസഹ്യമായി തോന്നുമ്പോള്‍ ആള്‍ക്കൂട്ടമില്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീന്‍ പോലെ അസ്വസ്ഥനാകുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി.
കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ചിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് യോജിച്ച പേരാണ് പുതുപ്പള്ളിക്കാര്‍ ചാര്‍ത്തിക്കൊടുത്ത കുഞ്ഞൂഞ്ഞ്. വ്യക്തിപരമായ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ നേരിടേണ്ടി വന്നു. എന്നാല്‍ തിരിച്ച് വ്യക്തിപരമായ അധിക്ഷേപം മറ്റാര്‍ക്കെതിരെയും നടത്തിയിട്ടില്ല ഒസി. സംസാരം ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കില്ല. സംസാരത്തിലും ഇടപെടലിലും എന്നും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കും. പുതുപ്പള്ളിയില്‍ ആരുടെ വിവാഹമോ മരണമോ നടന്നാല്‍ എന്തു തിരക്കും മാറ്റി ഉമ്മന്‍ ചാണ്ടി അവിടെ എത്തിയിരിക്കും.
രാവിലെ തുടങ്ങിയ ജനസമ്പര്‍ക്കപരിപാടി അര്‍ദ്ധരാത്രി വരെ നീളുമ്പോഴും അവസാനത്തെ ആളുടെയും സങ്കടം കേള്‍ക്കാന്‍ രാവിലത്തെ ഊര്‍ജ്വസ്വലതയോടെ രാത്രി വൈകിയും കാതു കൂര്‍പ്പിച്ചിരിക്കുന്ന മറ്റൊരു ജനപ്രതിനിധി ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണു വിലയിരുത്തപ്പെട്ടത്. 11 ലക്ഷത്തില്‍പ്പരം പേര് പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതല്‍ 3 വര്‍ഷം 3 ഘട്ടമായി ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ ദിവസങ്ങളോളം 12 മുതല്‍ 19 മണിക്കൂര്‍ വരെ ഉമ്മന്‍ ചാണ്ടി ഒറ്റ നില്പ്പു നിന്നത് മണിക്കൂറുകളാണ്. പരിപാടിയിലൂടെ മൊത്തം 242 കോടിയുടെ ധനസഹായമാണ് നല്‍കിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകള്‍കൊണ്ട് ഫയല്‍ തീര്‍പ്പാക്കല്‍. ഒരു വില്ലേജ് ഓഫിസില്‍ പോലും ധൈര്യത്തോടെ കടന്നുചെല്ലാന്‍ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് 2013ല്‍ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപ്പാസ് വികസനം അടക്കം സംസ്ഥാനത്തെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന് കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി.
ജനങ്ങള്‍ ഇല്ലാതെ അവര്‍ക്കൊപ്പമില്ലാതെ അസ്വസ്ഥനാകുന്ന ഒരു നമിഷം പോലും രാഷ്ട്രീയ പ്രവര്‍ത്തനം ആലോചിക്കാന്‍ സാധിക്കാത്ത കുഞ്ഞൂഞ്ഞ് എന്ന ഒസി വിടപറയുമ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ അതുണ്ടാക്കുന്ന വിടവ് നികത്താനാകാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: