ഷാലി മുരിങ്ങൂര്‍
ചാലക്കുടി: കൊരട്ടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ, ഇരട്ട ലക്ഷംവീട് ഒറ്റവീടാക്കല്‍ പദ്ധതി അവതാളത്തില്‍. രണ്ട് വര്‍ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല. വീട്ടുകാര്‍ ഉദ്ഘാടനത്തിന് മുമ്പെ താമസം തുടങ്ങി.
ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പദ്ധതിയാണ് രണ്ട് വര്‍ഷമാകാറായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് സാധിക്കാതിരിക്കുന്നത്. കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം, ഖന്നാ നഗര്‍, മംഗലശ്ശേരി, തിരുമുടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ 37 വീടുകളുടെ പണിയാണ് ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപ കൊണ്ട് ഇന്‍ഷുറന്‍സ് അടക്കം 450 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വീടിന്റെ എല്ലാ പണിയും പൂര്‍ത്തിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ഒരു ലക്ഷം രൂപ ഉപഭോക്താവും, ഒരു ലക്ഷം ചിറമേല്‍ ഫൗണ്ടേഷനും, രണ്ട് ലക്ഷം രൂപ ഭവന നിര്‍മാണ ബോര്‍ഡും, ഒരു ലക്ഷം രൂപ പഞ്ചായത്തും ചെലവഴിച്ച് അഞ്ച് ലക്ഷം രൂപ കൊണ്ട് അതിമനോഹരമായ വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കരാര്‍. നിര്‍മാണം അനന്തമായി നീണ്ടതോടെ മറ്റു വഴികളില്ലാതെ ആറ്റപ്പാടത്താണ് കൂടുതല്‍ വീട്ടുകാര്‍ താമസം തുടങ്ങിയിരിക്കുന്നത്. ഖന്നാ നഗറിലും കുറച്ച് വീട്ടുകാര്‍ താമസം തുടങ്ങിയതോടെ ഇവിടുത്തെയും തിരുമുടിക്കുന്നിലേയും വീടുകളുടെ താക്കോല്‍ ബലമായി പഞ്ചായത്ത് അധികൃതര്‍ വാങ്ങിച്ചിരിക്കുകയാണ്.
വിവിധ ഘട്ടങ്ങളിലായി പണം മുഴുവന്‍ വീട്ടുകാര്‍ കരാറുകാരന് നല്‍കിയിട്ടും വീടിന്റെ പണി പലപ്പോഴും നിലയ്ക്കുന്ന അവസ്ഥയായിരുന്നു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ നൈനു റിച്ചുവിന്റെ വാര്‍ഡായ ആറ്റപ്പാടം കോളനിയിലെ വീടിന്റെ നിര്‍മാണം പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് സാധിച്ചില്ല. എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രഥമ പദ്ധതിയായിരുന്നു ഇരട്ട ലക്ഷം വീട് ഒറ്റവീടാക്കല്‍. ഈ പദ്ധതിയാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം പാളിയിരിക്കുന്നത്. കരാറുകാരന് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കുകയും, അതിന് പുറമെ 25,000 ത്തോളം രൂപ ഓരോ വീട്ടുകാര്‍ അധികം നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ നിയമ നടപടിക്ക് പഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ലത്രെ. ഇത് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തെ വലിയ വീഴ്ചയാണ്. പകരം കൊരട്ടി പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ സ്വന്തമായി പണം കണ്ടെത്തി വീടു പണി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പണം തികയില്ലെന്ന് പറഞ്ഞ് ആദ്യം നിശ്ചയിച്ച പ്ലാനില്‍ നിന്ന് 30 ചതുരശ്രയടി കുറച്ച് കൊടുത്തിട്ടും കരാറുകാരന് പണി തീര്‍ക്കാന്‍ സാധിച്ചില്ല.
നിര്‍മാണത്തിലെ അപാകതയും വലിയ വിവാദമായിരുന്നു. ചെറിയ മഴയില്‍ പോലും ചുമരിലുടെ വെള്ളം ഇറങ്ങി വലിയ തോതില്‍ ഈര്‍പ്പം അടിച്ചു തുടങ്ങിയതായും, വീടിന്റെ മുകളില്‍ മതിയായ കോണ്‍ക്രീറ്റിങ്ങ് നടത്താത്തതു മൂലം പല വീടുകളിലും പൊട്ടിത്തുടങ്ങിയതായും പറയുന്നുണ്ട്. വലിയ വാടക കൊടുത്ത് രണ്ട് വര്‍ഷക്കാലം വാടക വീടുകളില്‍ കഴിഞ്ഞ വീട്ടുകാര്‍ വാടക കൊടുക്കാന്‍ പണമില്ലാതെ വന്നതോടെയാണ് ജനല്‍ പാളിയില്ലാത്ത വീട്ടില്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും തുണി കൊണ്ടുമെല്ലാം മറച്ച് താമസം തുടങ്ങിയിരിക്കുന്നത്. ശരിയായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണമില്ലാത്ത പഞ്ചായത്ത് അധികൃതര്‍ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനം വലിയ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഉദ്ഘാടനത്തിന് ചിലവാക്കുന്ന പണം കൊണ്ട് വീടുകളുടെ നിര്‍മാണം ഇനിയെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: