ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന ആം ആദ്മിയുടെ സൗജന്യം നല്‍കുന്ന രാഷ്‌ട്രീയമാണ് ദല്‍ഹിയുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഈ സൗജന്യങ്ങള്‍ നല്‍കുന്ന രാഷ്‌ട്രീയം മൂലം അടിസ്ഥാന സൗകര്യവികസനത്തിന് ഒരു രൂപ പോലും ചെലവഴിക്കാത്തത് മൂലമാണ് വെള്ളപ്പൊക്കത്തില്‍ ദല്‍ഹി തകരാന്‍ കാരണമായതെന്നും ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തി.
ദല്‍ഹിയിലെ റോഡുകള്‍ മുങ്ങുകയും വെള്ളപ്പൊക്കം മൂലം ജനജീവിതം ദുസ്സഹമാവുകയും ചെയ്തപ്പോള്‍ ഹരിയാന സര്‍ക്കാര്‍ വെള്ളം തുറന്നുവിട്ടത് മൂലമാണ് ദല്‍ഹി തകര്‍ന്നതെന്ന് വിലപിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍. “ദല്‍ഹിയില്‍ ഇത് പ്രതീക്ഷിച്ചതു തന്നെയാണ്. കാരണം സൗജന്യം നല്‍കുന്ന രാഷ്‌ട്രീയത്തില്‍ മുഴുകുകയാണ് ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയിലെ ജനസംഖ്യ പെരുകുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഇവിടെ ജനങ്ങള്‍ എത്തുകയാണ്. “- ഗൗതം ഗംഭീര്‍ പറഞ്ഞു.
“അന്തരീക്ഷ മലിനീകരണം ഉണ്ടായാല്‍ താങ്കള്‍ പറയും എന്റെ പക്കല്‍ പരിഹാരം ഇല്ല. വെള്ളപ്പൊക്കവും കനത്ത മഴയും ഉണ്ടായാലും താങ്കള്‍ ഇത് തന്നെ പറയുന്നു. ദല്‍ഹി 100 എംഎം മഴ വരെ സ്വീകരിക്കാന്‍ ദല്‍ഹി തയ്യാറാണെന്നും 150 എംഎം മഴ പെയ്തുവെന്നും താങ്കള്‍ പറയുന്നു. ഇത് ഒഴിവുകഴിവല്ല. ദല്‍ഹിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ താങ്കള്‍ എന്ത് ചെയ്തു എന്ന് പറയൂ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവും.”- ഗൗതം ഗംഭീര്‍ ചോദിച്ചു.
“ദല്‍ഹി പാരീസാകുമെന്ന് പറഞ്ഞ് കെജ്രിവാള്‍ നിരവധി കാര്യങ്ങള്‍ ജനങ്ങല്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എന്റെ മണ്ഡലത്തെയാണ് വെള്ളപ്പൊക്കം ഏറ്റവും മോശമായി ബാധിച്ചത്. മയൂര്‍ വിഹാറിലെ സ്ഥിതി പോയി നോക്കൂ. വെള്ളവും ഭക്ഷണവുമില്ലാതെ രണ്ട് ദിവസമാണ് ജനങ്ങള്‍ കുടുങ്ങിയത്. താങ്കള്‍ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിക്കുക കൂടി ഉണ്ടായില്ല.” – ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു.
“ഇതിന് കാരണം വികസനത്തിന് ചെലവാക്കാന്‍ താങ്കളുടെ കയ്യില്‍ പണില്ലെന്നുള്ളതാണ്. ആ പണം കൂടി താങ്കള്‍ പരസ്യത്തിന് ചെലവാക്കുന്നു. സൗജന്യങ്ങള്‍ നല്‍കാന്‍ ചെലവാക്കുന്നു. ദല്‍ഹി ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായി മാറുമെന്ന് മൂന്ന് നാല് വര്‍ഷം മുന്‍പേ ഞാന്‍ പറഞ്ഞതാണ്. മഴ കനത്തതോടെ ട്രാഫിക് പ്രശ്നമായി. ദല്‍ഹിയില്‍ നിന്നും ഗുരുഗ്രാമിലേക്ക് പോകാന്‍ മൂന്ന് മണിക്കൂറാണ് എടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യം നമ്മുടെ മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ല.” – ഗംതം ഗംഭീര്‍ കുറ്റപ്പെടുത്തി.
“ദല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ പറയുന്നത് ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല എന്നാണ്. പക്ഷെ ആരോടൊപ്പമാണ് അദ്ദേഹം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുമ്പെടുന്നത്. ദല്‍ഹിയെക്കുറിച്ച് ഒരു വികസനകാഴ്ചപ്പാടുമില്ലാത്ത, യാതൊരു വൈകാരിക അടുപ്പവുമില്ലാത്ത കെജ്രിവാളിനോടൊപ്പമോ? ഇതുണ്ടെങ്കില്‍ ദല്‍ഹി മുഴുവന്‍ താങ്കള്‍ക്കൊപ്പം നില്‍ക്കും. ഇപ്പോള്‍ എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയുമല്ല, ജനങ്ങളാണ് കഷ്ടപ്പെടുന്നത്.” – ഗൗതം ഗംഭീര്‍ വിശദീകരിച്ചു.
“ഞാന്‍ ജനിച്ചുവളര്‍ന്നത് ദല്‍ഹിയിലാണ് . ദല്‍ഹി എനിക്ക് എല്ലാം തന്നു. ദല്‍ഹിയിലെ സാഹചര്യം ഇത്രയും മോശമാവുമെന്ന് ഞാന്‍ ഒരിയ്‌ക്കലും കരുതിയില്ല. കോണ്‍ഗ്രസും ബിജെപിയും ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹിയില്‍ വികസനം നടന്നിരുന്നു. പക്ഷെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദല്‍ഹി വികസിച്ചില്ല. താങ്കള്‍ എപ്പോഴും വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നു. എന്താണ് അടിസ്ഥാന സൗകര്യവികസനത്തിന് താങ്കള്‍ ചെയ്തത്?ദല്‍ഹിയിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കുന്നില്ല. ദല്‍ഹിയിലെ മുഖ്യമന്ത്രി തുടര്‍ച്ചയായി ജനങ്ങളെ പറ്റിക്കുകയാണ്.” – ഗൗതം ഗംഭീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: