ടി.കെ.ശങ്കരനാരായണന്
അഗ്രഹാരശീലങ്ങളില്‍ വളര്‍ന്ന് സ്കൂളിലോ കോളജിലോ ഉപഭാഷയായിപ്പോലും മലയാളം പഠിക്കാതെ ക്രിക്കറ്റ് കളിക്കാരനാവണം എന്ന വിഫല സ്വപ്നവുമായി ഗ്രാമത്തെരുവുകളിലും മൈതാനങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നു. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്ന സംസ്കൃതിയില്‍ നവരാത്രി, ദീപാവലി, കാര്‍ത്തിക, തൈപ്പൊങ്കല്‍ എന്നീ വിശേഷങ്ങള്‍ക്കായിരുന്നു അഗ്രഹാരത്തില്‍ മുന്നേറ്റം. അങ്ങനെ ക്രിക്കറ്റ് മോഹവും അമ്പലവിശേഷങ്ങളില്‍ അമിതോത്സാഹവും വീട്ടിലും ചുറ്റുപാടുമുള്ള വിനിമയഭാഷ തമിഴും ആയതിനാല്‍ ആ ഭാഷയില്‍ ചിന്തയും ഉള്ളിലുറച്ച ഞാന്‍ സാമാന്യമായി പറഞ്ഞാല്‍ മലയാളത്തിലെ എഴുത്തുകാരനാവേണ്ട ആളേയല്ല.
പിന്നെയെങ്ങനെ ഈ അബദ്ധം സംഭവിച്ചു എന്ന അന്വേഷണം എംടിയിലാണ് ചെന്നെത്തുക. എഴുത്തിന്റെ വിത്തെറിഞ്ഞത് എംടിയാണ്. എന്റെ മനസ്സ് മുളപൊട്ടാന്‍ പാകത്തില്‍ നനഞ്ഞ് പതം വന്നിരിക്കണം. പ്രീഡിഗ്രി ഇടവേളയില്‍ അടുത്തൊരു ബന്ധുവിന് ആശുപത്രിക്കാവലിരിക്കേണ്ട ചുമതല എന്നില്‍ നിക്ഷിപ്തമാവുന്നു. ആ മരുന്നന്തരീക്ഷം, പകല്‍ വിറങ്ങലിച്ചുണ്ടായ വിരസത, ഞെട്ടിപ്പിക്കുന്ന നിലവിളികള്‍ എല്ലാം ചേര്‍ന്ന് എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടണമെന്ന തോന്നല്‍ എന്നിലുണ്ടാക്കി. ബന്ധപ്പെട്ടവരോട് ഒരു ബദലന്വേഷിക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിരസതയകറ്റാനുള്ള ഔഷധമായി മഞ്ഞ്, മതിലുകള്‍ എന്നീ രണ്ടു നോവലുകള്‍ അമ്മാവന് ശുപാര്‍ശ ചെയ്ത് കയ്യില്‍ വെച്ചു തരുന്നത്. പേജിന്റെ എണ്ണത്തില്‍ മഞ്ഞിനേക്കാള് ചെറുതായിരുന്നു മതിലുകള്‍. ജയിലഴികള്‍ക്കു പിന്നില്‍ നില്ക്കുന്ന ഇരുണ്ട മനുഷ്യന്റെ ചിത്രമുള്ള പുറംചട്ടയായി രിക്കണം അത് ആദ്യം വായിക്കുന്നതില്‍ നിന്നും എന്നെ വിലക്കിയത്.
മഞ്ഞ് എഴുതിയിരിക്കുന്നത് ഒരു എം.ടി. വാസുദേവന്‍ നായര്‍. അലസമായി ഒന്നു മറിച്ചു നോക്കിയപ്പോള്‍ ആദ്യ വാചകം മനസ്സില്‍ കൊണ്ടു- ‘വായിക്കാനൊന്നുമില്ല’. വീണ്ടും ആ വാചകം തന്നെ ഉരുവിട്ടു. അറിയാതെ അടുത്ത വരിയിലേക്ക്, അതിനടുത്ത വരിയിലേക്ക്… രണ്ടു മണിക്കൂറെടുത്തു മഞ്ഞ് തീരാന്‍. അവസാന വരിയും മനസ്സില്‍ ആളി- ‘വരും. വരാതിരിക്കില്ല.’
പിറ്റേന്ന് ഒരാവര്‍ത്തി കൂടി വായിച്ചപ്പോഴും തലേന്നുണ്ടായ മാനസികാവസ്ഥക്ക് ഒട്ടും മാറ്റമുണ്ടായില്ല. മുന്‍പില്ലാത്ത വിധം ഒരു മൗനം, നിശ്ശബ്ദത മനസ്സില്‍ തളം വെച്ചു. കാത്തിരിപ്പ് എന്ന ഭാവത്തിന് ഇത്രമേല്‍ ചന്തമോ? നോവലിലെ ദുഃഖപുത്രിക്ക് എന്റെ തന്നെ മാനസിക ഭാവമോ? കഴുത്തില്‍ നീലഞരമ്പുള്ള ചെറുപ്പക്കാരന് എന്റെ പരിചയക്കാരനോ? അച്ഛനെ തിരയുന്ന വെള്ളാരങ്കണ്ണുള്ള കുട്ടി ആരാണ്?
ഞാന്‍ എന്നിലേക്ക് തന്നെ സ്വയം ഒതുങ്ങിക്കൂടുന്നതു പോലെ… ആരോടും ഒന്നും മിണ്ടാനാവാത്തതു പോലെ… കളിച്ചും ആഘോഷിച്ചും നടന്ന കാലത്തിലേക്ക് ശബ്ദങ്ങളെല്ലാം വാര്‍ന്ന് ഒരേകാന്ത ഭാവം നടന്നു കയറുന്നതു പോലെ… ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ മാനോനിലയ്ക്ക് മാറ്റമുണ്ടായില്ല. പന്തിന്റെ വേഗം കൂട്ടാന്‍ ബൗണ്ടറി വരയില്‍ നിന്ന് ചുവടെടുക്കുമ്പോഴും പിന്നില്‍ ഗ്രാമക്കുട്ടികള്‍ ഉത്സാഹപ്പെടുത്തുമ്പോഴുമെല്ലാം എന്റെയുള്ളില്‍ നൈസര്‍ഗ്ഗികമായി നിര്‍മ്മിക്കപ്പെട്ട ഒരു അറ ഉറങ്ങി ക്കിടന്നിരിക്കണം. ദുഃഖവും ഏകാന്തതയും നിശ്ശബ്ദതയും കാത്തിരിപ്പുമെല്ലാം ഇഷ്ടപ്പെടുന്ന ഒരറ! മഞ്ഞായിരിക്കണം അതിനെ ഉറക്കമുണര്‍ത്തിയത്. വിമലയും സുധീര്‍ കുമാര്‍ മിശ്രയും ബുദ്ദുവും മഞ്ഞുമൂടിയ ആ താഴ്വരയും കാലത്തിന്റെ കാത്തിരിപ്പുമെല്ലാം എന്നില്‍ പ്രവര്‍ത്തിച്ചത് അതുകൊണ്ടായിരിക്കണം.
”കാലത്തിന്റെ നടപ്പാതയില്‍ ഈ നിമിഷം പണ്ടേ സ്ഥാനം പിടിച്ചിരിക്കണം…”
എന്നിലെ ക്രിക്കറ്റ് ജ്വരം പതുക്കെപ്പതുക്കെ അടങ്ങി. ബൊമ്മക്കൊലുവിന്റെ നിറങ്ങളും ദീപാവലിപ്പടക്കങ്ങളുടെ അമറലും കാര്‍ത്തികവിളക്കുകളുടെ ശോഭയും മങ്ങി. എന്റെ പുതിയ കൂട്ടുകാര്‍ പുസ്തകങ്ങളായി. എം.ടി. വാസുദേവന്‍ നായര്‍ വേറെന്തെല്ലാം പുസ്തകങ്ങളെഴുതിയിട്ടുണ്ട് എന്നറിയാനായി എന്റെ അടുത്ത ശ്രമം. അമ്മാവന്റെ കയ്യില്‍ കുറേ കഥാസമാഹാരങ്ങളുണ്ടായിരുന്നു. ബാക്കി പുസ്തകങ്ങള്‍ പല ദിക്കുകളില്‍ നിന്ന് തേടിപ്പിടിച്ചു. ഒന്നൊന്നര വര്‍ഷത്തിനുള്ളില്‍ എംടി അന്നാള്‍വരെ എഴുതിയതെല്ലാം വായിച്ചു വരവു വെച്ചു.
നാലുകെട്ടിലെ അപ്പുണ്ണിയും കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും ചേര്‍ന്ന് ഇടക്കിടെ എനിക്ക് തൊന്തരവ് തരാന്‍ തുടങ്ങി. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച മാന്ത്രികനെ ഒന്നു നേരില്‍ കാണാന്‍ എന്നിലെ കൗമാരം അന്വേഷണമാരംഭിച്ചു. അദ്ദേഹം മാതൃഭൂമി പത്രാധിപരാണെന്നും കോഴിക്കോടാണെന്നും അമ്മാവന്പറഞ്ഞു. ഒന്നു പരിചയപ്പെടാന്‍ എന്തു വഴി എന്ന് പരവശപ്പെട്ടു നടക്കുമ്പോള്‍ ഒരു നാള് മോയന്‍ ഗേള്‍സ് ഹൈസ്ക്കൂളിനുള്ളില്‍ ഏതോ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ആള്‍ത്തിരക്കും ലൈറ്റുകളും മറ്റും കണ്ടു. തിടുക്കപ്പെട്ട് സെറ്റിനു മുന്നിലെത്തിയപ്പോള്‍ അത്ഭുതം. ഞാന്‍ അന്വേഷിച്ചു നടക്കുന്നആള്‍! ഒരു ചെയറിലിരുന്ന് ബീഡി വലിക്കുന്നു. മുഖത്ത് കടിച്ചാല്‍ പൊട്ടാത്ത ഗൗരവം. ക്രീം നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഞാന്‍ ബീഡി വലിക്കുന്ന ആളെത്തന്നെ നോക്കി നിന്നു. മുഖത്തെ ആ ഗൗരവത്തിന് ഒരു ഗാംഭീര്യമുണ്ട്. ലോകത്തെ എല്ലാ എഴുത്തുകാരുടേയും മുഖം ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ നിരൂപിച്ചു. കുറേനേരം കഴിഞ്ഞ് ഒരു സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അന്നത്തെ പരിപാടി അവസാനിച്ചു എന്നു തോന്നുന്നു. എംടി ഒരു അംബാസിഡര്‍ കാറില്‍ കയറിപ്പോകുന്നത് വിശ്വാസം വരാതെ ഞാന്‍ നോക്കി നിന്നു. അന്വേഷിച്ചപ്പോള്‍ സിനിമയുടെ പേരറിഞ്ഞു: ദേവലോകം.
പ്രിയ എഴുത്തുകാരനെ നേരില്‍ കണ്ട ആഹ്ലാദത്തില്‍ പങ്കുകൊണ്ടിട്ടെന്ന പോലെ ഉറക്കം ദൂരെ മാറി നിന്ന് എന്നെ കയ്യടിച്ചുണര്‍ത്തി. അഗ്രഹാരത്തിലെ ചങ്ങാതിമാരോട് ഈ അനുഭവം ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ചില വികൃതികള്‍ ചേര്‍ന്ന് എനിക്കൊരു വട്ടപ്പേരിട്ടു: എംടി പൈത്തിയം.
പിന്നീട് പതുക്കെപ്പതുക്കെ എഴുത്തു തുടങ്ങിയപ്പോള്‍ പലവിധ ആശങ്കകള്‍ മനസ്സിനെ ഞെരിക്കാന്‍ തുടങ്ങി. കഥയെഴുത്തിന്റെ പ്രാരംഭത്തില്‍ ഏതൊരാള്‍ക്കും തോന്നാവുന്ന സന്ദേഹങ്ങള്‍… ഒരു പരിധിവരെ അതെല്ലാം മാറാന്‍ സഹായിച്ചത് കാഥികന്റെ പണിപ്പുരയാണ്.
എഴുത്തുമായി മല്ലടിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ നാല്‍പ്പതു വര്‍ഷമാവുന്നു. ഇരുപത്തിയഞ്ചോളം പുസ്തകങ്ങളായി. അതില്‍ തെരഞ്ഞെടുത്ത കഥകളുള്‍പ്പെടെ രണ്ടെണ്ണം എംടി തന്നെ പ്രകാശിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായിത്തീരാനും ഈ കാലയളവ് സഹായിച്ചു.
ക്രിക്കറ്റ് കളിക്കാരനാവാന്‍ മനസ്സ് വെന്തുനടന്ന ഒരു അയ്യരുകുട്ടിയില്‍ എംടി എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ ലഘുരേഖയായി മാത്രം ഈ വരികളെ കണ്ടാല്‍ മതി. എനിക്ക് മുമ്പും പിമ്പുമുള്ള എഴുത്തുകാരോട് പല ഘട്ടങ്ങളില്‍ ഞാനീ ആശയം പങ്കുവെച്ചിട്ടുണ്ട്. എഴുത്തിന്റെ പ്രാരംഭദശയില്‍ അവരും എഴുത്തിനു വേണ്ട ഇന്ധനം സംഭരിച്ചത് എംടിയില്‍ നിന്നു തന്നെയാണ്. അങ്ങനെ പല തലമുറകളില്‍ പെട്ട വായനക്കാരുടേയും എഴുത്തുകാരുടേയും പ്രിയപ്പെട്ട എഴുത്തുകാരനാവാന്‍ സാധിച്ചു എന്നതാണ് എംടിയുടെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ സുകൃതം.
ഗുരുവായും, വഴികാട്ടിയായും പിതൃസ്ഥാനീയനായും മുന്നില്‍ നിന്ന് നയിച്ച എംടി ക്ക് എന്റെ നവതി പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: