തിരുവനന്തപുരം: അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.
പാപ്പനംകോട് എസ്റ്റേറ്റിലെ പ്രഷര്‍ ഡൈകാസ്റ്റിങ് യൂണിറ്റ്, വുഡ് വര്‍ക്കിങ് യൂണിറ്റ്, ഉമയനല്ലൂര്‍, തുടങ്ങിയ ഇടങ്ങളിലാണ് മെഷീനുകള്‍ തുരുമ്പെടുക്കുന്നത്. കോഴിക്കോട് ഒളവണ്ണയിലെ ടൂള്‍ റൂം കം ട്രെയിനിങ് സെന്ററില്‍ മെഷീനുകള്‍ പകുതിമാത്രം ഉപയോഗത്തിലാണ്. സിഡ്‌കോയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വേണ്ടി ഓരോ വര്‍ഷവും കോടികളാണ് ബജറ്റില്‍ നല്കുന്നത്. ഇതിനെല്ലാം മെഷീനുകള്‍ വാങ്ങിക്കൂട്ടും. അങ്ങനെ 85 ലക്ഷം രൂപ ചെലവഴിച്ച മെഷീന്‍ വുഡ് വര്‍ക്ക്‌ഷോപ്പില്‍ തുരുമ്പെടുക്കുകയാണ്.
കൊത്തുപണികളടക്കം ചെയ്യാവുന്ന മെഷീന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. കൊത്തുപണിയുടെ പ്രോഗ്രാം തയാറാക്കി നല്കിയാല്‍ അതേരീതിയില്‍ വേഗത്തില്‍ ഒരേ മാതൃകയില്‍ വലിയ ഫര്‍ണിച്ചറുകളുടെ അടക്കം ഭാഗങ്ങള്‍ കൃത്യതയോടെ ഒരുമിച്ച് നിര്‍മിക്കാം. പക്ഷെ വര്‍ക്ക്‌ഷോപ്പിലെ ടെക്‌നിക്കല്‍ തലവനുള്‍പ്പെടെ പ്രോഗ്രാം സംബന്ധിച്ച് അടിസ്ഥാന വിവരം പോലും ഇല്ല. ഡൈ മെഷീനുകള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ചൂടാക്കിയിട്ടാല്‍ മാത്രമേ ഡൈ കൃത്യമായി നിര്‍മിക്കാനാകൂ. ഇത് പല ടെക്‌നിക്കല്‍ ഹെഡുമാര്‍ക്ക് പോലും അറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.
ബിടെക് യോഗ്യതയെങ്കിലും വേണ്ട സ്ഥാനത്ത് ഉള്ളത് പ്രൈവറ്റ് ഐടിഐയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒളവണ്ണയിലെ ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമ്പോള്‍ അന്ന് അനധികൃതമായി കയറിയവരാണ് ഇപ്പോള്‍ മിക്ക യൂണിറ്റുകളിലും ടെക്‌നിക്കല്‍ ഹെഡായുള്ളതെന്നാണ് ആക്ഷേപം.
സ്വകാര്യ ഐടിഐയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്ലോമയ്‌ക്ക് തുല്യമാണെന്ന് വരുത്തിയാണ് പലരും ടെക്‌നിക്കല്‍ ഹെഡായി ജോലി നോക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനിങ് ഉള്‍പ്പെടെ എഎംസിയോടെയാണ് കമ്പനികള്‍ മെഷീനുകള്‍ നല്കുന്നത്. എന്നാല്‍ ട്രെയിനിങ്ങിനു പോലും പലപ്പോഴും ആരും പങ്കെടുക്കില്ല. അതിന്റെ പ്രധാന കാരണവും അടിസ്ഥാനയോഗ്യത ഇല്ലാത്തതാണെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: