ദേശമംഗലം: വിഷജന്തുക്കള്‍ കൂടുകൂട്ടി ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാല് വര്‍ഷമായി അന്തിയുറങ്ങി നാലംഗ കുടുംബം. ചേലക്കര നിയോജകമണ്ഡലത്തില്‍ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ താമസിക്കുന്ന വയ്യാട്ടുകാവില്‍ കുഞ്ഞുമുഹമ്മദിന്റെ കുടുംബമാണ് ദുരിതജീവിതം നയിക്കുന്നത്.
കുഞ്ഞുമുഹമ്മദും ഭാര്യയും പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ മകളും, 9 ാം ക്ലാസില്‍ പഠിക്കുന്ന മകനും അടങ്ങുന്ന നാല് അംഗങ്ങളാണ് അധികാരികളുടെ കനറിവും കാത്ത് ഈ കൂരക്കുള്ളില്‍ കഴിഞ്ഞുകൂടുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയായ 55 കാരനായ കുഞ്ഞിമുഹമ്മദ് പാതയോരത്ത് തട്ടുകട നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ കച്ചവടം കുറഞ്ഞതും സ്വന്തം ആരോഗ്യപ്രശ്നങ്ങളും കാരണം മാസങ്ങളായി കച്ചവടം നടത്തുന്നില്ല. നിത്യജീവിതത്തിന് പോലും പ്രയാസപ്പെടുന്ന ഈ നിര്‍ധന കുടുംബം അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവുമായി അധികാരികള്‍ക്ക് മുന്നില്‍ കേഴുകയാണ്.
2019 ല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ച് തരാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്കി കാത്തിരുന്നിട്ടും പ്രയോജനം ലഭിക്കാത്തതിനാല്‍ 2020ല്‍ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്കി. കളക്ടര്‍ അത് അടിയന്തരമായി ഈ കുടുംബത്തിന് വീട് അനുവദിച്ചു നല്‍കണമെന്ന് കാണിച്ച് പഞ്ചായത്തിലേക്ക് അറിയിപ്പ് കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് അധികാരികള്‍ സ്ഥലം പരിശോധിച്ച് അര്‍ഹരെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം വീട് അനുവദിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഫലം കാണാതായപ്പോള്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പഞ്ചായത്തിന് അപേക്ഷ കൈമാറുകയും ചെയ്തതാണ്. ഒന്നും നടന്നില്ലെന്ന് മാത്രം.
കളക്ടറുടെ ഇടപെടലില്‍ ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം രണ്ടാം നമ്പറായി കിടന്നിരുന്ന ഇവരുടെ ആനൂകൂല്യം ഇപ്പോഴത്തെ ലിസ്റ്റില്‍ 283 ാമതായിട്ടാണ് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ാം സ്ഥാനമായി പരിഗണിച്ചിരുന്ന ആനുകൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് 283 ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നു. മഴ കനത്തതോടെ എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഈ കൂരയില്‍ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. ഇനി ആരുടെ കനിവിനായാണ് കാത്തിരിക്കേണ്ടതെന്നറിയാതെ വിഷമത്തിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: