കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ. വിദ്യ നിര്‍മിച്ച വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് പോലീസ് കണ്ടെടുത്തു. ഗൂഗിളിന്റെ സഹായത്തോടെ വിദ്യയുടെ ഫോണില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ അഗളി പോലീസിന് സാധിച്ചത്.
പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോണിലെ ഇ- മെയിലുകള്‍ വീണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഒരു വര്‍ഷം മുന്നേ നിര്‍ത്തിയ കഫേയാണ് ഇത്. തുടര്‍ന്ന് കഫേ ഉടമയെ വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വിദ്യയെ തരിച്ചറിയാന്‍ സാധിച്ചില്ല.
ഇതോടെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഈ ഇന്റര്‍നെറ്റ് കഫെയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. കോളേജില്‍ സമര്‍പ്പിച്ച രേഖ നശിപ്പിച്ചതായി വിദ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. അതുകൊണ്ടുതന്നെ കേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണില്‍ വ്യാജരേഖ നിര്‍മിച്ച് അവ അക്ഷയ സെന്ററിലേക്ക് വിദ്യ മെയില്‍ അയച്ച് പ്രിന്റ്ഔട്ട് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിദഗ്ധ പരിശോധനയിലാണ് വിദ്യയുടെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറാന്‍ ശ്രമിച്ചെന്നതാണ് വിദ്യയ്ക്കെതിരായ കേസ്. മാഹാരാജാസ് കോളേജില്‍ 20 മാസം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിട്ടുണ്ടെന്നാണ് ഈ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗസ്റ്റ് ലക്ച്ചര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായാണ് വ്യാജരേഖ നല്‍കിയതോടെയാണ് വിദ്യ പിടിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: