കൊച്ചി : വൈറ്റില തൈക്കൂടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ലിഫ്റ്റ് തകര്‍ന്ന് വീണ് ആശുപത്രി ജീവനക്കാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. തൈക്കൂടത്തെ സൂര്യസരസ് ആയുര്‍വേദ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റ് താഴേയ്ക്ക് പതിക്കുകയായിരുന്നു. റോപ്പിന്റെ കപ്പിളില്‍ സംഭവിച്ച പിഴവാണ് അപകടകാരണം. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവം നടന്ന ഉടന്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാള്‍ക്ക് നട്ടെല്ലിനും മറ്റൊരാള്‍ക്ക് കാലിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അതേസമയം തകര്‍ന്ന ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. കഷ്ടിച്ച് രണ്ട് പേര്‍ക്ക് നില്ക്കാവുന്ന ലിഫ്റ്റ് ഒരു വര്‍ഷം മുമ്പാണ് സൂര്യസരസില് സ്ഥാപിച്ചത്. എന്നാല്‍ ലിഫ്റ്റ് ക്യാബിനിന്റെ അളവില്‍ പിശകുണ്ടെന്നും നിര്‍മാണത്തില്‍ അപകാതയുണ്ടെന്നും ചൂണ്ടിക്കാട്ടി ചീഫ് ഇലട്രിക്കല്‍ ഇന്‍സ്പെട്രേറ്റ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പരിഹരിച്ച് ആശുപത്രി അധികൃതര്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ്. അതിനിടയിലാണ് ജീവനക്കാര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: