ലഖ്നൗ: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന രാമക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫ് (കേന്ദ്ര വ്യവസായ സുരക്ഷാ സേന) മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതല സിഐഎസ്എഫിനാണ്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട മേഖലകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ശീല് വര്ധന് സിങ്, ഡിഐജി സുമന്ത് സിങ് എന്നിവര്‍ ബുധനാഴ്ച ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. സോണ്‍ എഡിജി പീയൂഷ് മൊര്‍ദിയ, റേഞ്ച് ഐജി പ്രവീണ്‍ കുമാര്‍, എസ്എസ്പി രാജ് കരണ്‍ നയ്യാര്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ആംഡ് കോണ്സ്റ്റാബുലറിയേയും സംസ്ഥാന പോലീസിനെയും രാമമന്ദിറിലും പരിസരത്തും വിന്യസിക്കും. ക്ഷേത്രത്തിനു പുറത്ത് പോലീസും അകത്ത് സിഐഎസ്എഫുമാകും. തുറക്കുന്നതോടെ ക്ഷേത്രം ജിഹാദികള്‍ ലക്ഷ്യമിടുമെന്നാണ് ഐബിയുടെ കണക്കുകൂട്ടല്‍. ഭീകരര്‍ ആക്രമണങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുമെന്നതിനാല്‍, ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യയും ക്ഷേത്ര സുരക്ഷയ്ക്ക് ഉപയോഗിക്കും.
ഭക്തരുടെ ലഗേജുകള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും പാര്‍ക്കിങ് സ്ഥലങ്ങളും ക്ഷേത്രത്തില്‍ നിന്ന് അകലെയാകും ഒരുക്കുക. ബാഗേജ് ഏരിയയില്‍ ബാഗ് സ്കാനറുകള്‍ സ്ഥാപിക്കും. വഴിപാടു സാമഗ്രികളല്ലാതെ മറ്റൊന്നും ഉള്ളിലേക്ക് കടത്തില്ല.
2024 ജനുവരി 22നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. ശ്രീരാമപ്രതിഷ്ഠയും ഉദ്ഘാടനവും വലിയ ആഘോഷത്തോടെയാകും സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: