വടക്കഞ്ചേരി: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്നേ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ആറ് വരിപ്പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായി ചെറുതും, വലുതുമായ നിരവധി കുഴികളാണ് ഇപ്പോഴുള്ളത്. കുഴികളില്‍പ്പെട്ട് ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായി. മഴ കനത്താല്‍ കുഴികളുടെ വ്യാപ്തി വര്‍ദ്ധിച്ച് കൂടുതല്‍ ദുരിതപൂര്ണ്ണമാവാനാണ് സാധ്യത.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കമുള്‍പ്പെടെയുള്ള ഭാഗത്ത് റോഡ് തകര്‍ച്ച വ്യാപകമാണ്. ദേശീയപാതയിലെ മേല്‍പ്പാലങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. കുതിരാന്‍ തുരങ്കത്തിന് സമീപം വഴക്കുംപാറയില്‍ റോഡ് വിണ്ട് കീറി ഇടിഞ്ഞുതാഴുന്നു. നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
ദേശീയപാത നിര്‍മാണം പൂര്ത്തിയാക്കിയെന്നവകാശപ്പെട്ട് പന്നിയങ്കരയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുമ്പോള്‍, തകര്‍ന്ന റോഡ് നന്നാക്കാനോ, ദേശീയപാതയുടെ പണികള്‍ പൂര്‍ത്തീകരിക്കാനോ കരാര്‍ കമ്പനി തയ്യാറാകുന്നില്ല.
2022 മാര്‍ച്ച് 9ന് ടോള്‍ പിരിവ് ആരംഭിച്ചതുമുതല്‍ രണ്ട് തവണ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് നല്കിയ ഇളവും എടുത്ത് കളയാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ടോള്‍ പിരിവില്‍ നിന്നും പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: