പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്തമഴ തുടരുന്നു. പമ്പ, അച്ചൻകോവിൽ, മണിമലയാര്‍ നദികൾ കരകവിഞ്ഞു. മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. തിരുവല്ല മുനിസിപ്പാലിറ്റിയിലെ നൂറിലധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
മല്ലപ്പള്ളിയില്‍ മൂന്നു സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, പമ്പ, മണിമല നദികളില്‍ കിഴക്കന്‍ വെള്ളം എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് കുതിച്ചുയരുകയാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്ന് മാരാമൺ കൺവെൻഷൻ റോഡിൽ വെള്ളം കയറി. കോഴഞ്ചേരി പള്ളിയോടപുരയും വെള്ളത്തിനടിയിലായി.
മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കാം. മണിമലയാറ്റിലെ ജലനിരപ്പ് അപകടനില തണ്ടിക്കഴിഞ്ഞു. പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് മണിമലയാറ്റിലെത്തിയത്. അതേസമയം ജില്ലയിലെ കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷിയിൽ തുടരുകയാണ്. മണിയാർ ഡാമിൽ നാല് സ്പിൽ വേകൾ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: