ചങ്ങനാശ്ശേരി: അടുത്ത വര്‍ഷത്തോടെ രാജ്യത്തെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജല്‍ ജീവന് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത് വേണ്ടത്ര ആസൂത്രണമില്ലാതെ. ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താതെയാണ് പലയിടങ്ങളിലും പൈപ്പ് കണക്ഷന് നല്‍കുന്നത്. പൈപ്പിട്ട് പോകുന്നതല്ലാതെ, വെള്ളം അതാതിടങ്ങളില്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതില്‍ വാട്ടര്‍ അതോറിറ്റി വീഴ്ച വരുത്തുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. വെള്ളം കിട്ടാത്തതിനെ കുറിച്ച് പരാതി ഉന്നയിക്കുമ്പോള്‍ വെള്ളം നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് ആണെന്ന് പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതം, സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതം, ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്തു കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്ന പദ്ധതിയാണിത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 90 ശതമാനം സബ്സിഡിയോടു കൂടി ഗ്രാമ-പഞ്ചായത്ത് പരിധിക്കുള്ളില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുതിയ വാട്ടര്‍ കണക്ഷന് നല്‍കുന്നതാണ് ജല്‍ജീവന്‍ പദ്ധതി. വെള്ളം വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കാണ്. എന്നാല്‍ ഇതില്‍നിന്ന് ഒളിച്ചോടുന്ന സമീപനമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. പലയിടങ്ങളിലും വെള്ള സംഭരണികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
ജില്ലയില്‍ പല സ്ഥലങ്ങളിലും വാട്ടര്‍ കണക്ഷന് നല്‍കിയിട്ടുണ്ടെങ്കിലും വെള്ളം കിട്ടുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. കണക്ഷന് കൊടുക്കുന്ന മാസം മുതല്‍ വെള്ളം കിട്ടിയാലും ഇല്ലെങ്കിലും വെള്ളക്കരം സര്‍ക്കാരിലേക്ക് അടയ്ക്കണം. കിട്ടാത്ത വെള്ളത്തിന് വെള്ളക്കരം അടയ്ക്കേണ്ടി വരുന്നത് ഇരട്ടി പ്രഹരമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ചങ്ങനാശ്ശേരിയില്‍ നിരവധി വീടുകളില്‍ കണക്ഷന് നല്‍കിയിട്ടുണ്ടെങ്കിലും വെള്ളം എത്തിയിട്ടില്ല. ചെറുകരക്കുന്നില് നിന്നാണ് ഇവിടേയ്ക്ക് വെള്ളം എത്തുന്നത്. ഇതും ഇപ്പോള്‍ തികയാത്ത സ്ഥിതിയാണ്. ഒരു പഞ്ചായത്തില്‍ മാത്രം ഒരു കോടി ലിറ്റര്‍ വെള്ളം വേണം. തൃക്കൊടിത്താനം പഞ്ചായത്തില്‍ കൊക്കോട്ടുചിറ കുളത്തില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. കൃഷിക്കും മറ്റും ഇവിടെ നിന്നാണ് വെള്ളം എടുക്കുന്നത്.
കുന്നുംപുറത്ത് പഞ്ചായത്ത് വക സ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ആയെങ്കിലും നടപടി ആയിട്ടില്ല. കുടിവെള്ള പദ്ധതിക്കായി ചങ്ങനാശ്ശേരിയില്‍ 400കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്നു അധികാരികള്‍ പറയുന്നു. തിരുവല്ലയില്‍ നിന്നും പെരുന്ന പമ്പ് ഹൗസില്‍ വരുന്ന വെള്ളമാണ് ഇപ്പോഴും നഗരത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: