ആലപ്പുഴ: സി ഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് നാലു മുതല്‍ ആരംഭിക്കാനിരുന്ന കയര്‍ സമരം മാറ്റിവെച്ചു. ബിഎംഎസ്, എഐടിയുസി, ഐന്‍ടിയുസി, യുടിയുസി, ടിയുസിഐ, ചെറുകിട ഉല്പാദക സംഘടനകള്‍ എന്നിവ ഉള്‍പ്പെട്ട സമര സമിതി ഭാരവാഹികളുടെ യോഗമാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
മന്ത്രി പി. രാജീവുമായി കഴിഞ്ഞ ദിവസം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. സിഐആര്‍സി തീരുമാന പ്രകാരം കയര്‍ ഫാക്ടറി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് 15 ദിവസത്തിനകം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. കയര്‍ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് യൂണിയനുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
സംയുക്ത സമര സമിതി ഭാരവാഹികളുടെ യോഗത്തില്‍ ചെയര്മാന് എ. കെ രാജന് അധ്യക്ഷനായി. കണ്‍വീനര്‍ പി. വി സത്യനേശന് തീരുമാനങ്ങള്‍ വിശദീകരിച്ചു . ബി രാജശേഖരന് , അഭിലാഷ് ബെര്‍ലി, വി. മോഹന്‍ദാസ്, ഡി. പി മധു, എം. പി പവിത്രന്, സി. എസ് രമേശന്, സലിം ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: