തിരുവനന്തപുരം:മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റി പ്രതിയെ രക്ഷിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്‍റണി രാജു സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. മാതൃഭൂമി പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
1990ല്‍ നടന്ന ജട്ടിക്കേസ്
1990 ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെന്ന കേസിൽ ഒരു വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അഭിഭാഷകൻ ആയിരുന്നു ആന്‍റണി രാജു.
മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സംരക്ഷിക്കുന്നതിന് മന്ത്രി ആൻറണി രാജു ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഓസ്ട്രേലിയൻ സ്വദേശി സാൽവാദോർ സാർലി എത്തിയിരുന്നത് . ഇയാളുടെ അടിവസ്ത്രത്തിൽ ഹാഷിഷും ഉണ്ടായിരുന്നു. ഈ പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് ആൻറണി രാജു ഇടപെടലുകൾ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന കാലത്താണ് ഇദ്ദേഹം തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ഓസ്ട്രേലിയയിൽ നിന്ന് എത്തിയ ഇയാൾക്ക് വേണ്ടി ആന്‍റണി രാജുവിന്റെ സീനിറായ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് കോടതിയിൽ ഹാജരായത്. ഇതിന് പിന്നാലെ ഈ കേസ് പരിഗണിച്ച തിരുവനന്തപുരം സെഷൻസ് കോടതി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയെ പത്തുവർഷത്തേക്ക് ശിക്ഷിച്ചു. എന്നാൽ, കേസ് കോടതിയിൽ എത്തവെ ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയാണ് ചെയ്തത്.
ഹൈക്കോടതിയിൽ പ്രധാന തൊണ്ടിമുതലായ വിദേശ ധരിച്ചിരുന്ന അടിവസ്ത്രം പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിമുതൽ ആണെന്നും പ്രതിഭാഗം വാദിച്ചതിന് പിന്നാലെയാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ തൊണ്ടിമുതലിൽ കൃത്രിമം ഉണ്ടായിയെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്.
തിരുവനന്തപുരം വഞ്ചിയൂർ പോലീസ് ഇതിനെ സംബന്ധിക്കുന്ന കേസ് എടുത്തിരുന്നു. 1994 – ൽ ആയിരുന്നു സംഭവം. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്ന് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. കോടതിയിൽ സൂക്ഷിച്ചുവെച്ച പ്രതിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങി. തുടർന്ന് ആന്‍റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ കേസിന്റെ കുറ്റപത്രം 2006 സമർപ്പിച്ചു. തിരുവനന്തപുരം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 2014 കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. നിരവധി തവണ കോടതിയുടെ പരിഗണനയിൽ കേസ് എത്തി. ഗതാഗത വകുപ്പ് മന്ത്രിയായ ആൻറണി രാജുവിന് നോട്ടീസും കിട്ടി. അങ്ങനെ 22 തവണ പരിഗണിച്ച കേസ് എങ്ങും എത്താതെ പോയി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി.
ഹൈക്കോടതിയുടെ ഉത്തരവ്
ഈ കേസില്‍ വീണ്ടും അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ മാർച്ചിൽ ഉത്തരവിട്ടത്. ഈ വിധിക്കെതിരായാണ് മന്ത്രി ആൻ്റണി രാജു ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയിരുന്നു.
സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്‍റണി രാജു ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്ന് ആന്‍റണി രാജു ഹർജിയിൽ വാദിക്കുന്നു. ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്‍റണി രാജു വാദിക്കുന്നു. “നിരാപരാധിയായിട്ടും 33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ് ഉത്തരവിലെ ഭാഗം. അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണം”- ഹർജിയിൽ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്‍റണി രാജുവിനായി ഹർജി ഫയൽ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: