രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂര്‍ രണ്ടു മാസത്തോളമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. മണിപ്പൂരില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന ചിത്രം മറച്ചുപിടിച്ച് മനോധര്‍മം അനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കുന്നു എന്നതാണ് അനുഭവം. വാര്‍ത്തകളില്‍ വളച്ചൊടിക്കലുകളും തമസ്കരണവും നിര്‍ബാധം നടക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍. കിട്ടുന്ന അവസരം ഉപയോഗിച്ച് ജനങ്ങളെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് പല മലയാള മാധ്യമങ്ങളും നോക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ താല്പര്യമനുസരിച്ച് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന പോലീസ് രാഹുലിന്റെ സന്ദര്‍ശനം തടഞ്ഞു എന്നൊരു വികലമായ ചിത്രമാണ് ഈ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ രാഹുലിനെ തടഞ്ഞത് രോഷാകുലരായ ജനങ്ങളാണ്. ഇതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും അണിനിരന്നു. ഇവരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമൊക്കെ നടത്തിയിട്ടും ഫലമുണ്ടായില്ല. ഗ്രനേഡ് പ്രയോഗിക്കാന്‍പോലും സാധ്യതയുള്ളതിനാല്‍ സുരക്ഷ പരിഗണിച്ച് രാഹുലിന്റെ റോഡ്മാര്‍ഗമുള്ള യാത്ര അനുവദിക്കാനാവില്ലെന്നും, ഹെലികോപ്ടര്‍ ഉപയോഗിക്കാമെന്നുമാണ് പോലീസ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ മറച്ചുപിടിച്ച് അങ്ങേയറ്റം നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.
മണിപ്പൂരിലെ അസ്വസ്ഥതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദേശീയ താല്പര്യം മുന്‍നിര്‍ത്തി ഈ പ്രശ്നം പരിഹരിക്കാന്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. ഇതിനുപകരം വിഘടനവാദികള്‍ക്ക് വളരാന്‍ വളംവയ്ക്കുന്ന, അവര്‍ക്ക് വിഭാഗീയതയുടെ ആയുധങ്ങള്‍ പണിതുകൊടുക്കുന്ന സമീപനവും ഇടപെടലുകളുമാണ് ഈ സര്‍ക്കാരുകള്‍ നടത്തിയത്. ഇതില്‍നിന്ന് വ്യത്യസ്തമായി മണിപ്പൂരിലെ ജനങ്ങളെ ദേശീയധാരയില്‍ അണിനിരത്തി വികസനത്തിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് അനുഭവിക്കാനാവുന്ന വിധത്തില്‍ സ്ഥിതിഗതികളെ നയിക്കുകയാണ് അധികാരത്തിലേറിയ നാള് മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യങ്ങളില്‍ വലിയ വിജയം കൈവരിക്കാനും കഴിഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത് നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്യും. സമാധാനത്തിന്റെയും വികസനത്തിന്റെയും ഈ അന്തരീക്ഷം അട്ടിമറിക്കാന്‍ അവസരം പാര്‍ത്തിരുന്നവരാണ് കലാപത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്സിന്റെ കറുത്ത കൈകള്‍ ഇതിനു പിന്നിലുണ്ട് എന്ന കാര്യം ഉറപ്പാണ്. ഇതിന്റെ ഭാഗമാണ് വിദേശരാജ്യങ്ങൡല്‍ ചുറ്റിനടന്ന് ദേശവിരുദ്ധമായി പെരുമാറുന്ന കോണ്‍ഗ്രസ്സിന്റെ നേതാവ് മണിപ്പൂരിലെത്തിയും അത്തരം പണികള്‍ ചെയ്യുന്നത്. രാജ്യത്ത് എവിടെയൊക്കെ സംഘര്‍ഷമുണ്ടായാലും അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ നയം.
മണിപ്പൂരിലെ പ്രാചീന ഹിന്ദുവിഭാഗമായ മെയ്തേയികള്‍ക്ക് ഗോത്രവര്‍ഗ പദവി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതാണ് ഇപ്പോഴത്തെ കലാപം കുത്തിപ്പൊക്കാന്‍ നിലവില്‍ ഗോത്രവര്‍ഗപദവിയുള്ള കുക്കികളെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഗോത്രപദവണ്ടി യുണ്ടായിരുന്ന മെയ്തേയികള്‍ അതിനുശേഷം പട്ടികയില്‍നിന്ന് പുറത്താവുകയായിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പ്രശ്നം ഒരുതരത്തിലും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്നതല്ല. എന്നിട്ടും മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തില്‍ കരച്ചില് മുഴുവന്‍ കേരളത്തിലാണ്. ഇതിന്റെ കാരണം പരിശോധിക്കുമ്പോള്‍ ഇവിടുത്തെ മുന്നണി രാഷ്ട്രീയത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാവും. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ഭരിക്കുന്നത് ബിജെപിയോ ബിജെപി ഉള്‍പ്പെടുന്ന മുന്നണിയോ ആണ്. ജനസംഖ്യയില്‍ വലിയൊരു വിഭാഗം ക്രൈസ്തവരുള്ള ഇവിടങ്ങളില്‍ ബിജെപിക്ക് അധികാരമുള്ളത് ആ പാര്‍ട്ടിെയ ന്യൂനപക്ഷവിരുദ്ധരായി മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടിയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ഗോവയുടെയും മറ്റും ചുവടുപിടിച്ച് കേരളത്തിലും ക്രൈസ്തവ ജനവിഭാഗങ്ങള്‍ ബിജെപിയോട് അടുക്കുന്നത് സഹിക്കാത്തവര്‍ ഇവിടെ മാറത്തടിച്ച് നിലവിളിക്കുന്നു. ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടപ്പെടുത്തി ഇസ്ലാം മതതീവ്രവാദവും ഭീകരവാദവും പലതരത്തില്‍ കടന്നാക്രമിക്കുമ്പോള്‍ അതിനെതിരെ ചെറുവിരലനക്കാതെ വഞ്ചന കാട്ടുന്നവരാണ് ഇക്കൂട്ടര്‍. ഈ ചതിയില്‍ വീഴാതിരിക്കാനുള്ള വിവേകം ക്രൈസ്തവസമൂഹം പ്രകടിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: