കണ്ണൂര്‍: സംസ്ഥാനത്ത് ആയുര്‍വേദ ഡ്രഗ്‌സ് വകുപ്പില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനങ്ങള്‍ നടക്കുന്നില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്‌ക്ക് ഇത് തടസമാകുന്നു. കേന്ദ്ര ആയുഷ് വകുപ്പ് ആയുര്‍വേദ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ നല്‍കുന്ന ഫണ്ട് കിട്ടുന്നെങ്കിലും സംസ്ഥാനം നിയമനം നടത്തുന്നില്ല.
2018 ആഗസ്ത് ഏഴിലെ ആയുഷ് വകുപ്പിന്റെ ഓര്‍ഡര്‍ പ്രകാരം 621 ഇന്‍സ്‌പെക്ടര്‍മാരെ ഇന്ത്യയിലുടനീളം ഗസറ്റഡ് പോസ്റ്റില്‍ നിയമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പരസ്യം ചെയ്യുന്ന ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതടക്കമുളള പരിശോധനകള്‍ക്കായാണ് നിയമനം.
മറ്റ് സംസ്ഥാനങ്ങളൊടൊപ്പം സംസ്ഥാനത്തിനും ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നതിനാവശ്യമായ ഫണ്ട് ആയുഷ് വകുപ്പ് നല്‍കിയതായാണ് വിവരം. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ നിയമനം
നടന്നോ ഇല്ലയോ എന്ന് വിവരാവകാശ പ്രകാരം ചോദിച്ചിട്ടും സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്ന് ആയുര്‍വേദ മരുന്നുകളിലേയും കറിപൗഡറുകളിലേയും രാസവസ്തുക്കളുടെ സാന്നിധ്യത്തിനെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന പൊതുപ്രവര്‍ത്തകന്‍ ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു.
കേരളത്തിലെ 728 ആയുര്‍വേദ ഡ്രഗ് കമ്പനികള്‍ പരിശോധിക്കാനും മറ്റുമായി മൂന്ന് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. 23 ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്താണ് മൂന്നുപേരെ വച്ച് വകുപ്പ് മുന്നോട്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: