ആലപ്പുഴ: കായംകുളത്തെ പാര്‍ട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ ഫെയ്സ്ബുക്ക് പോരാട്ടം നടത്തുന്നത് ശക്തമാക്കിയതോടെ നേതൃത്വത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു. ‘കായംകുളത്തിന്റെ വിപ്ലവം’, ‘ചെമ്പട കായംകുളം’ എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ നേതൃത്വത്തിനെയും തെറ്റായ പ്രവണതകള്‍ക്കെതിരെയും ആഞ്ഞടിക്കുകയാണ്. എസ്എഫ്ഐ എരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിന്റേത് വ്യാജ ബിരുദമാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വെളിപ്പെടുത്തിയത് ഇതില്‍ ഒരു വിഭാഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ്.
ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബിപിന്‍ സി. ബാബുവിനെ സി.പി.എമ്മില്‍നിന്നു പുറത്താക്കിയതു മുതല്‍ രണ്ട് എസ്എഫ്ഐ മുന്‍നേതാക്കളെ ജയിലിലാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം വരെ ആളിക്കത്തിച്ചത് ഈ ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ്. ഇപ്പോഴാകട്ടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ. എച്ച്. ബാബുജാനെ ലക്ഷ്യമാക്കിയാണ് ഒരു പക്ഷം ഫെയ്സബുക്ക് പോസ്റ്റുകളിലൂടെ ആഞ്ഞടിക്കുന്നത്. ഇത് അപകീര്‍ത്തികരമാണെന്നാരോപിച്ച് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി, കായംകുളം ഡിവൈഎസ്പി തുടങ്ങിയവര്‍ക്കു പരാതി നല്കി. എന്നാല്‍ ഇതിന് ശേഷവും പോരാട്ടം ചെമ്പട കായംകുളം പോരാട്ടം തുടരുകയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസ് ഉള്‍പ്പടെയുള്ളവരാണു കായംകുളത്തിന്റെ വിപ്ലവം എന്ന അക്കൗണ്ടിനു പിന്നിലെന്നാണ് ഏരിയാ നേതൃത്വത്തിന്റെ പരാതി. ബിപിന്‍ സി. ബാബുവിന്റെ നേതൃത്വത്തില്‍ ഏരിയാ നേതൃത്വത്തെ പിന്തുണയ്ക്കുന്നവരാണ് ചെമ്പട കായംകുളം എന്ന അക്കൗണ്ട് നിയന്ത്രിക്കുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു. ഇരുകൂട്ടരും എതിരാളികളെ ആക്രമിക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചും പുറത്തുവിട്ടും പോരടിക്കുകയാണ്. ഗാര്‍ഹികപീഡനപരാതിയില്‍ ബിപിനെതിരേ പാര്‍ട്ടി നടപടിയുണ്ടായശേഷമാണു നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ചെമ്പട ഗ്രൂപ്പ് ഉയര്‍ത്തിയത്. നിഖില്‍ പിടിയിലായപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കൂട്ടുനിന്ന അബിന്‍ സി. രാജിനെ പ്രതിക്കൂട്ടിലാക്കി അവര്‍ തിരിച്ചടിച്ചു. പിന്നാലെ, അബിന്‍ മുഖേന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സഹകരണ ബാങ്കുകളിലടക്കം ജോലി നേടിയവരുണ്ടെന്ന ആക്ഷേപവും പുറത്തുവന്നു.
നിഖിലിനു മാത്രമല്ല നിരവധി പേര്‍ക്ക് അബിന്‍ രാജ് കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് പണം വാങ്ങി തരപ്പെടുത്തിനല്കിയതായി കായംകുളത്തിന്റെ വിപ്ലവം കൂട്ടായ്മ ആരോപിക്കുന്നു. സിപിഎം. കായംകുളം ഏരിയ സെക്രട്ടറിയുടെ ഉറ്റസുഹൃത്തിന്റെ മകനാണ് അബിനെന്ന ആക്ഷേപവും അവര്‍ ഉയര്‍ത്തി. വരും ദിവസങ്ങളില്‍ ഇരു വിഭാഗവും കൂടുതല്‍ സത്യങ്ങള്‍ പുറത്തു വിടാനാണ് സാദ്ധ്യത. അടുത്ത നിയമസഭാ സീറ്റ് മോഹികളായ രണ്ട് നേതാക്കളുടെ ഉള്ളറക്കഥകള്‍ ഇരുപക്ഷവും പുറത്തുവിട്ടതോടെ പാര്‍ട്ടിയുടെ ജീര്‍ണതയാണ് വെളിച്ചം കണ്ടെതെന്നാണ് സാധാരണ സഖാക്കള്‍ പറയുന്നത്. സിപിഎമ്മിന് കായംകുളം വാളായി മാറിയിരിക്കുകയാണ് ചെമ്പടയും കായംകുളം സഖാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: