പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടി. നടപടിയെടുക്കാതെ ഭരണകൂടം. ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പ് കെട്ടിടത്തിന്റെ വാടകക്കരാര്‍ പുതുക്കിയില്ലെന്ന കാരണത്താലാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 23ന് വൈദ്യുതി കണക്ഷന് വിച്ഛേദിക്കുകയും, മറ്റൊരു താഴിട്ട് ഷോപ്പ് അടച്ചുപൂട്ടുകയും ചെയ്തത്.
സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പട്ടികവിഭാഗക്കാരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ എസ്സിപി ഫണ്ട് ഉപയോഗിച്ച് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ആശുപത്രി സൂപ്രണ്ട് മെമ്പര്‍ സെക്രട്ടറിയായും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച സൊസൈറ്റിയാണിത്. ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്ക് ആശുപത്രികള്‍, കുഴല്‍മന്ദം, നെന്മാറ ഗവ. ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. 2015ലാണ് കോട്ടത്തറ ആശുപത്രി കോമ്പൗണ്ടില്‍ മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതാണ് മെഡികെയേഴ്സ് സൊസൈറ്റി നിര്‍വാഹകസമിതി അംഗം കൂടിയായ കോട്ടത്തറ ആശുപത്രി സൂപ്രണ്ട് അടച്ചുപൂട്ടിയതെന്ന് പറയുന്നു.
ഇതിനിടെ സര്‍ക്കാര്‍ പദ്ധതികളായ ആര്‍എസ്ബിവൈ, ആര്‍ബിഎസ്കെ, ജെഎസ്എസ്കെ, കെഎഎസ്പി തുടങ്ങിയ പദ്ധതികള്‍ക്ക് മരുന്ന് നല്കിയ വകയില്‍ കോട്ടത്തറ ആശുപത്രി 51,87,481 രൂപ മെഡികെയേഴ്സിന് നല്‍കാനുണ്ടെന്നും പറയുന്നു. എന്നാലിപ്പോള്‍ പ്രസ്തുത പദ്ധതികള്‍ പ്രകാരമുള്ള ഓര്‍ഡര്‍ മറ്റൊരു സ്ഥാപനത്തിന് നല്‍കുകയും ചെയ്തു. ആശുപത്രി കോമ്പൗണ്ടിലെ പാതിവഴിയിലായ കെട്ടിടം പൂര്‍ത്തിയാക്കാന്‍ 3,65,000 രൂപ നല്‍കിയത് മെഡികെയേഴ്സാണ്.
വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതോടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുക്കുന്ന ലക്ഷങ്ങളുടെ മരുന്ന് കേടുവന്നിട്ടുണ്ടാവുമെന്ന് ജീവനക്കാര്‍ പറഞ്ഞു. മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് ചെയര്മാന് കൂടിയായ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പട്ടികജാതി വര്‍ഗ സംരക്ഷണമുന്നണി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. രാധാകൃഷ്ണന്, പ്രസിഡന്റ് വിജയന് അമ്പലക്കാട്, എന്‍എപിഎം ചെയര്മാന് വിളയോടി വേണുഗോപാല്‍, ജീവനക്കാരായ വി. നിമിഷ, ജീന എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മെഡിക്കല്‍ ഷോപ്പ് തുറക്കാന്‍ നടപടിയെടുക്കാത്തതിനെതിരെ ജില്ലാ കളക്ടറുടെ വസതിക്ക് മുന്നില്‍ ജൂലൈ 17 മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: