പുതുശ്ശേരി: പുതുശ്ശേരി: ചന്ദ്രനഗര്‍ സ്വദേശിനിയായ മദ്ധ്യവയസ്കയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കസബ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഒറ്റപ്പാലം തോട്ടക്കര പ്രേമ നിവാസില്‍ പൊന്നുമണിയുടെ മകന് ബല്രാം ഉണ്ണി (32) യാണ് കീഴടങ്ങിയത്. നിക്ഷേപത്തുകയുടെ അഞ്ചു ശതമാനം മാസം തോറും ലാഭവിഹിതമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ലാഭവിഹിതവും നിക്ഷേപത്തുകയും തിരിച്ച് കിട്ടാതായപ്പോഴാണ്
കസബ പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി വീട്ടില്‍ നിന്നും മാറി എറണാകുളം, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത ബല്രാമിനെ കോടതി നിഷ്കര്‍ഷിച്ച ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.
ഈ കേസിലെ മറ്റൊരു പ്രതിയായ തൃശൂര്‍ വരന്തരപ്പിള്ളി നന്ദിപുലം കുമരഞ്ചിറമഠം വീട്ടില്‍ സുധാകരന്റെ മകന് ശ്രീനാഥി (31) നെ ചെന്നൈയില്‍ ഒളിവില്‍ കഴിയവെ കസബ ഇന്‍സ്പെക്ടര്‍ എന്‍. എസ്. രാജീവും സംഘവും ചേര്‍ന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും സമാന രീതിയില്‍ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, പാലക്കാട് എഎസ്പി എ. ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. എസ്. രാജീവ്, സബ് ഇന്‍സ്പെക്ടര്‍മാരായ സി. കെ. രാജേഷ്, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: