കണ്ണൂര്‍: മൂന്നാഴ്ചയായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന തമിഴ് സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് കുറുമാത്തൂര്‍ സ്വദേശിയായ ആതിരാ രാജും കുടുംബവും. ആദ്യ സിനിമ തന്നെ ഹിറ്റായതത് വലിയ അംഗീകാരമാണെന്ന് ആതിര പറഞ്ഞു.
വീരനെന്ന സിനിമയ്ക്ക് തമിഴ്നാട്ടില്‍ മാത്രമല്ല, സ്വന്തം നാടായ തളിപ്പറമ്പിലും വര്‍ദ്ധിച്ച പിന്തുണ ലഭിച്ചത് തുടക്കക്കാരിയെന്ന നിലയില്‍ ഏറെ പ്രതീക്ഷയിലാണ് കുടുംബം. സത്യജ്യോതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.ആര്.കെ. ശരണവന്‍ സംവിധാനം ചെയ്ത സിനിമയാണ് വീരന്. രണ്ടാഴ്ച കൊണ്ടുതന്നെ സിനിമ ബ്ലോക്ക്ബസ്റ്ററാകാന്‍ ചിത്രത്തിന് സാധിച്ചു. ഹിപ് ഹോപ് തമിഴ് ആദിയാണ് നായകന്. സംഗീതവും ആദിയാണ് ഒരുക്കിയത്. സിനിമയുടെ ഛായാഗ്രഹണം ദീപക് ഡി. മേനോനാണ് നിര്‍വഹിച്ചത്. ചിത്രം വരുന്ന 30ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. വീരനില്‍ സെല്‍വിയെന്ന കഥാപാത്രത്തേയാണ് നായികയായ ആതിര അവതരിപ്പിക്കുന്നത്. ആതിര അഭിനയിച്ച മറ്റ് രണ്ട് സിനിമകള്‍ ഇതിനകം റിലീസിനൊരുങ്ങി കഴിഞ്ഞു. കൃഷ്ണമ്മ, അമിഗോ ഗാരേജ് എന്നീ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. മൂന്നാമതായി അഭിനയിച്ച വീരനാണ് ആദ്യം തിയേറ്ററിലെത്തിയത്.
ആദ്യം അഭിനയിച്ചത് ‘കൃഷ്ണമ്മ’ എന്ന തെലുഗു സിനിമയിലാണ്. ജനതാ ഗാരേജിന്റെ സംവിധായകന് കോര്‍ട്ടാല ശിവയാണ് സംവിധാനം. തെലുഗു വഴങ്ങാത്തതിനാല്‍ നല്ല അധ്വാനം ഈ സിനിമയ്ക്ക് ആവശ്യമായിവന്നതായി ആതിര ജന്മഭൂമിയോട് പറഞ്ഞു. രണ്ടാമതായി അഭിനയിച്ചത് അമിഗോ ഗാരേജ് എന്ന തമിഴ് സിനിമയിലാണ്. മാസ്റ്റര്‍ മഹേന്ദ്രയാണ് നായകന്. രാജേഷ് കുറുമാത്തൂര്‍ രചിച്ച മാധവഗീതിക എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ചതിലൂടെയാണ് ആതിരാ രാജ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്ണില്‍ പഠിക്കവേയായിരുന്നു ആദരം. പിന്നീട് മാടായി കോളേജില്‍ ഡിഗ്രിക്ക് ഒന്നാം വര്‍ഷം പഠിക്കവെ സജിന്‍ ചന്ദ്രന്റെ ‘ഏതഴകാണു നീ’ എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് കാസ്റ്റിങ് ഡയറക്ടര്‍ സുഹൈദ് തെലുഗു സിനിമയില്‍ അവസരമുണ്ടെന്നറിയിച്ചെങ്കിലും ഭാഷ ഒരു പ്രശ്നമായി അന്ന് തോന്നിയതിനാല്‍ അത് വേണ്ടെന്നു വെച്ചു. അതിനിടെ ഡിഗ്രി പഠനം നടത്തി. വീണ്ടും അവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ‘കൃഷ്ണമ്മ’ എന്ന സിനിമയിലഭിനയിച്ച് സിനിമാ രംഗത്തേക്ക് കടക്കുകയും അഭിനയം തുടരാന്‍ തീരുമാനിച്ചുറക്കുകയുമായിരുന്നുവെന്ന് ആതിരരാജ് പറയുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവ ചെറുപ്പം മുതല്‍ അഭ്യസിച്ചിരുന്നു. കൂടാതെ മോണോആക്ടില്‍ കലോത്സവങ്ങളില്‍ നിരവധി തവണപങ്കെടുത്ത് വിജയിച്ചു. മലയാളത്തില്‍ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ആതിര പറഞ്ഞു. കുറുമാത്തൂര്‍ പൊക്കുലാണ് വീട്. അച്ഛന് രാജന് പ്രവാസിയായിരുന്നു. അമ്മ പ്രീത, അനിയന് അമല്‍ രാജ്. ബികോം പഠനത്തിനുശേഷം പിജി ഡിപ്ലോമ കോഴ്സ് ചെയ്യാനായി ഒരുങ്ങുകയാണ് ആതിര. എഴോത്തെ സിനിമ സിരിയല്‍ നാടക രംഗത്ത് നിറഞ്ഞുനിന്ന പപ്പന് ചിരന്തനയുടെ കൊച്ചുമകള്‍ കൂടിയാണ് ആതിര രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: