കോട്ടയം: നിറയെ യാത്രക്കാരുള്ള ടൂറിസ്റ്റു ബസില്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ നിയമ നടപടിക്ക്. ബസിലെ ടിവി സ്്ക്രീനില്‍ ചിത്രത്തിന്‌റെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നതായി കണ്ട ഒരു യുവതിയാണ് ട്രാഫിക് ബ്‌ളോക്കിനിടെ ബസ് നിറുത്തിയപ്പോള്‍ മൊബൈലില്‍ ഇതിന്‌റെ വീഡിയോ എടുത്തത്. ബസിനു പിന്നാലെ ഭര്‍ത്താവിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ആലുവ സ്വദേശിനിയായ ഗാഥ വിജയന്‍ എന്ന യുവതി. ഈ വീഡിയോ ദൃശ്യം ഗാഥ പൊലീസിനും സിനിമയുടെ നിര്‍മ്മാതാക്കളായ രജപുത്ര ഫിലിംസിനും ആ ചിത്രത്തിലെ സഹവില്ലനും സഹസംവിധായകനുമായ ബിനു പപ്പുവിനും അയച്ചുനല്‍കി. ഇതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നിര്‍മ്മാതാക്കള്‍ നിയമ നടപടിയിലേക്കു കടന്നത്. സിനിമയുടെ വ്യാജ പതിപ്പിറക്കുന്നതു തടയാനുള്ള ശ്രമങ്ങളില്‍ ഗാഥയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ ബിനു പപ്പു ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ു
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാലും ശോഭനയും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന തുടരും എന്ന സിനിമ തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ബസില്‍ വ്യാജപതിപ്പ് ഇട്ട് യാത്രക്കാരെ സന്തോഷിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ തുനിഞ്ഞത്.
















