പട്ന കഴിഞ്ഞ ദിവസം ബീഹാറില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനിടയില്‍ രാഹുല്‍ഗാന്ധിയുടെ കല്ല്യാണക്കാര്യം കൂട്ടച്ചിരി പടര്‍ത്തി. പൊതുവെ നര്‍മ്മം പറയുന്നതില്‍ മുമ്പനായ ലാലു പ്രസാദ് യാദവാണ് ചര്‍ച്ചകള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹക്കാര്യം എടുത്തിട്ടത്. കല്ല്യാണം കഴിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ അഭിപ്രായം. ഇപ്പോള്‍ 53 വയസ്സാണ് രാഹുല്‍ ഗാന്ധിയുടെ പ്രായം.
രാഹുല്‍ഗാന്ധിയുടെ കല്ല്യാണത്തെക്കുറിച്ച് അമ്മ സോണിയാഗാന്ധി ഇടയ്ക്കിടെ സങ്കടം പറയുന്നുണ്ടെന്നായിരുന്നു ലാലു പ്രസാദ് യാദവ് പറഞ്ഞത്. രാഹുല്‍ ഗാന്ധീ നിങ്ങള്‍ വിവാഹം കഴിക്കണം എന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞുതുടങ്ങിയപ്പോഴേ യോഗത്തിനെത്തിയ മറ്റ് നേതാക്കള്‍ ചിരി തുടങ്ങി.
പാതി തമാശയും പാതി കാര്യവുമായി ലാലു പ്രസാദ് യാദവ് പറഞ്ഞു ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളൊക്കെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഈ താടിയൊക്കെ വടിച്ചു കളയണം. ലാലു പ്രസാദ് യാദവ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളുടെ ചിരി കൂട്ടച്ചിരിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: