ഡോ.അനില്‍കുമാര്‍ വടവാതൂര്‍
കുടിലബുദ്ധിയുടെ കാര്യത്തില്‍ ചൈനക്കാരനെ കടത്തിവെട്ടാന്‍ ഉലകത്തില്‍ ആരുമില്ല. അവരുടെ ഓരോ നീക്കത്തിനു പിന്നിലും ഒളിഞ്ഞിരിക്കുന്ന ഒരു അജണ്ട ഉണ്ടായിരിക്കും. ലോകത്തിന് എന്തുതന്നെ സംഭവിച്ചാലും സ്വന്തം കാര്യം മാത്രം ഭദ്രമാക്കണമെന്ന അജണ്ട. ദാരിദ്ര്യം മൂലം നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്ന് വംശനാശം നേരിടുന്ന ഒരു ലക്ഷം കുരങ്ങുകളെ ഇറക്കുമതി ചെയ്യാനുള്ള ചൈനയുടെ നീക്കത്തിലും ഇത്തരം നിഗൂഢതയുണ്ട്.
ലങ്ക നിലയില്ലാത്ത കടക്കെണിയിലാണ്. അരിയും ഗോതമ്പും പോലും വാങ്ങാന്‍ കാശില്ലാത്ത ഗതികേട്. വണ്ടി ഓടാന്‍ ഇന്ധനമില്ല. ശമ്പളം നല്‍കാന്‍ പണമില്ല. തെരഞ്ഞെടുപ്പിന് ബാലറ്റ് വാങ്ങാന്‍ ഗതിയില്ല. ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ മേലെ ഭദ്രമായ സ്ഥാനത്താണ് ലങ്കയെന്ന് നമ്മുടെ ചില മാധ്യമങ്ങള്‍ പെരുമ്പറയടിക്കാറുണ്ടെങ്കിലും അവിടത്തെ സ്ഥിതി അത്യന്തം ഭീകരം. അവിടേക്കാണ് കുരങ്ങിനെത്തന്നാല്‍ കാശു തരാമെന്ന വാഗ്ദാനവുമായി ചൈന കടന്നുചെന്നത്. ലങ്കയെ കടക്കെണിയിലാക്കിയതിന്റെ പാപപരിഹാരം പോലെയാണ് ചൈന കുരങ്ങ് വാങ്ങല്‍ വാഗ്ദാനവുമായി എത്തിയത്.
ചൈനയിലെ മൃഗശാലകളില്‍ പ്രദര്‍ശിപ്പിക്കാനാണത്രെ ഒരു ലക്ഷം കുരങ്ങുകളെ ആവശ്യമായി വരുന്നത്. ലങ്കയില്‍ മാത്രം കാണപ്പെടുന്ന തദ്ദേശീയ കുരങ്ങുവര്‍ഗമായ ‘ടോക് മക്കാക്’ ഇനത്തെയാണ് ചൈനയ്‌ക്ക് വേണ്ടത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) രേഖകള്‍ പ്രകാരം വംശനാശ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള കുരങ്ങന്മാര്‍. വംശനാശം നേരിടുന്ന ജീവികള്‍ക്കുള്ള ‘റെഡ് ലിസ്റ്റി’ല്‍പ്പെടുന്നവ. കുരങ്ങ് കയറ്റുമതിക്കാര്യമറിഞ്ഞതോടെ ജന്തുശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മൃഗശാല എന്ന നിര്‍വചനത്തില്‍പ്പെടുത്താവുന്ന 18 മൃഗശാലകള്‍ മാത്രമേ ചൈനയിലുള്ളൂ എന്ന് അവര്‍ വാദിച്ചു. ലങ്കന്‍ കുരങ്ങന്മാരെ ചൈനയുടെ മരുന്ന്, സുഗന്ധദ്രവ്യ പരീക്ഷണ ലാബുകളില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് ഉദ്ദേശമെന്ന് തുറന്നടിച്ചു. ചൈനയുടെ പല ഭാഗത്തും കുരങ്ങ് ഇറച്ചി ഒരു സ്വാദിഷ്ട വിഭവമാണെന്നും കയറ്റുമതി ചെയ്യുന്ന പാവം കുരങ്ങന്മാര്‍ അവസാനമെത്തുക തീന്‍മേശയിലാവുമെന്നും ‘റാലി ഫോര്‍ അനിമല്‍ റൈറ്റ്‌സ് ആന്റ് എന്‍വയണ്‍മെന്റ്’ എന്ന സംഘടന തുറന്നടിച്ചു. ചൈനയില്‍ മരുന്ന് പരീക്ഷണത്തിന് കോവിഡ് കാലത്തിനുശേഷം കുരങ്ങുകളെ കിട്ടുന്നില്ലെന്നും ആഹാരാവശ്യത്തിനായി പട്ടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ പാക്കിസ്ഥാനില്‍നിന്നും കടത്തിക്കൊണ്ടുവരുന്നുണ്ടെന്നും വന്ന പത്രവാര്‍ത്തകളും പരിസ്ഥിതി സംഘടനകള്‍ ആയുധമാക്കിയതോടെ രംഗം കൊഴുത്തു. വംശനാശം വന്നുകൊണ്ടിരിക്കുന്ന പാവം കുരങ്ങന്മാരുടെ ചോരപ്പണത്തിനായി രാജ്യത്തിന്റെ സാംസ്‌കാരിക ഗരിമയും പാരമ്പര്യവും കളങ്കപ്പെടുത്തണമോയെന്ന് പരിസ്ഥിതി സംഘടനകളുടെ കൂടായ്മ ചോദിക്കുന്നു.
വിഷയം ഗൗരവമായതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നു. ”ചൈന കുരങ്ങന്മാരെ ചോദിക്കുന്നത് അവരുടെ മൃഗശാലകള്‍ക്കുവേണ്ടിയാണ്. ലക്ഷം കുരങ്ങന്മാരെ ആയിരത്തിലേറെ മൃഗശാലകളിലായി വിന്യ സിക്കും.” ലങ്കയുടെ കൃഷിമന്ത്രി മഹീന്ദ അമരവീര്യ പറയുന്നു. ചൈനയിലെ ഒരു സ്വകാര്യ കമ്പനിയാണ് കുരങ്ങുകയറ്റുമതിക്ക് സമീപിച്ചിട്ടുള്ളതെന്ന് കൃഷി മന്ത്രാലയത്തിന്റെ വക്താവ് ഗുണദാസ സമരസിംഹ കൂട്ടിച്ചേര്‍ക്കുന്നു.
സംരക്ഷിതവനങ്ങളിലെ കുരങ്ങന്മാരെ പിടിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. കൃഷിയിടങ്ങളില്‍ ശല്യം വിതയ്‌ക്കുന്ന കുരങ്ങന്മാരെ മാത്രമേ പിടിച്ച് നാടുകടത്തുകയുള്ളൂവത്രെ. ലങ്കയിലെ കൃഷിയിടങ്ങളില്‍ വന്‍നാശം വിതയ്‌ക്കുന്ന ടോക് മക്കാക് കുരങ്ങുകള്‍ സര്‍ക്കാരിന് വലിയൊരു തലവേദനയാണെന്നതും കയറ്റുമതി പ്രേമത്തിന് കാരണമാകുന്നു. ശല്യവും കുറയും, കാശും കിട്ടും. കോടിക്കണക്കിന് ഡോളര്‍ നഷ്ടമാണ് കൃഷിയിടത്തിലെ വന്യമൃഗാക്രമണം മൂലം ലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മറ്റൊരു രസകരമായ വസ്തുതകൂടി നാം അറിയാതെ പോവരുത്. ജീവനുള്ള ഏതാണ്ടെല്ലാ മൃഗങ്ങളുടെയും കയറ്റുമതി നിരോധിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. പക്ഷേ കാശില്ലാത്ത കഷ്ടകാലത്ത് എന്താണ് ചെയ്യുക? ശ്രീലങ്ക സംരക്ഷിത പട്ടികയില്‍നിന്ന് നിരവധി മൃഗങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി. രാജ്യത്തെ മൂന്ന് കുരങ്ങ്‌വര്‍ഗങ്ങളും മയിലും കാട്ടുപന്നിയുമൊക്കെ ഇപ്രകാരം സംരക്ഷണ പട്ടികയില്‍നിന്ന് പുറത്തുവന്നു. ആവശ്യം വന്നാല്‍ കര്‍ഷകര്‍ക്ക് അവയെ കൊന്നൊടുക്കാം.
അതിനിടെ ഈ ഇടപാടുമായി തങ്ങളുടെ സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്ന വിചിത്ര വാദവുമായി ലങ്കയിലെ ചൈനീസ് എംബസി മുന്നോട്ടുവന്നു. ആരെങ്കിലും കുരങ്ങ് ഇറക്കുമതിക്ക് അനുമതി തേടിയതായി അറിവില്ല. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ചൈനയെന്ന് എംബസി അവകാശപ്പെടുന്നു. വംശനാശം അഭിമുഖീകരിക്കുന്ന വന്യ സസ്യജാലങ്ങളുടെ അന്തര്‍ദേശീയ വ്യാപാരം നിരോധിക്കുന്ന അന്താരാഷ്‌ട്ര കരാറിലും (സിഐടിഇഎസ്) തങ്ങള്‍ അംഗമാണ്.
പക്ഷേ ചൈനയുടെ അവകാശവാദങ്ങള്‍ക്ക് ആരും വലിയ വില നല്‍കിക്കാണുന്നില്ല. കുരങ്ങുകളെ പിടിച്ച് കപ്പല്‍ കയറ്റിവിടുന്ന ക്രൂരതക്കെതിരെ ജനരോഷം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയമിച്ചിരിക്കുന്നു. പക്ഷേ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും കാര്യമായി അടങ്ങിയിട്ടില്ലാത്ത ഒരു കമ്മറ്റികൊണ്ട് എന്ത് പ്രയോജനമെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ചോദിക്കുന്നത്.
ഒരബദ്ധം ആര്‍ക്കും…
ഗോബ്ലിന്‍ സ്രാവുകളെ നേരില്‍ കാണുക അത്യപൂര്‍വം. കടലിനടിയില്‍ ആയിരക്കണക്കിന് അടി താഴ്ചയിലാണ് മൂപ്പരുടെ സ്ഥിരവാസം. അതും ചില നിശ്ചിത മേഖലകളില്‍ മാത്രം. അങ്ങനെയിരിക്കെ ഗ്രീസിലെ അനഫി ദ്വീപിലെ ബീച്ചില്‍ ഒരു ഗോബ്ലിന്‍ സ്രാവിനെ കണ്ടെത്തുന്നു.
‘സിറ്റിസണ്‍സ് സയന്റിസ്റ്റാ’യി അറിയപ്പെടുന്ന ഗിയാനിസ് പാപ്പടക്കിന്‍സ് ആണ് ചത്ത സ്രാവിന്റെ പടം സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരിക്കലും കാണാത്ത മേഖലയില്‍ ഗോബ്ലിന്‍ സാന്നിധ്യം കണ്ടെത്തിയത് സാമൂഹ്യമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. അതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ഒരു പ്രബന്ധം 2022 മെയ് മാസത്തെ മെഡിറ്ററേനിയന്‍ മറൈന്‍ സയന്‍സസ് ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈ ലേഖനം വലിയൊരു വിവാദത്തിന് തിരികൊളുത്തി. ചിത്രത്തിന്റെ വിശ്വാസ്യത പല സമുദ്ര ജീവശാസ്ത്രജ്ഞരും ചോദ്യംചെയ്തു.
അത് പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ കളിപ്പാട്ടമാണെന്നുവരെ ആരോപിച്ചു. തുടര്‍ന്ന് ജേര്‍ണലില്‍ തങ്ങള്‍ പ്രസിദ്ധീകരിച്ച പ്രബന്ധം പിന്‍വലിച്ച് ലേഖകര്‍ തടിതപ്പി. ഒരു അബദ്ധം ആര്‍ക്കും പറ്റാമല്ലോ. പ്രത്യേകിച്ചും സോഷ്യല്‍മീഡിയയെ അന്ധമായി വിശ്വസിക്കുമ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: