സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന അധഃപതനത്തിന്റെയും ജീര്‍ണതയുടെയും ആഴം വ്യക്തമാക്കുന്നതാണ്. തുടര്‍ഭരണം ലഭിച്ചതോടെ അധികാരത്തിന്റെ മത്തുപിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റു നേതാക്കളും കാണിക്കുന്ന ധാര്‍ഷ്ട്യം സാമാന്യ മര്യാദയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും സകല സീമകളും ലംഘിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെ മാത്രമല്ല, ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെയും ജനാധിപത്യബോധം തെല്ലുമില്ലാതെ കടന്നാക്രമണം നടത്തുകയാണ് ഈ നേതാക്കള്‍. താന്‍ പറയുന്നതാണ് നിയമമെന്നും, തന്നെ ചോദ്യം ചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും വാക്കിലും പ്രവൃത്തിയിലും ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ് എം.വി. ഗോവിന്ദന്. പാര്‍ട്ടി സെക്രട്ടറിയുടെ പദവി പണ്ടുകാലത്തെ സോവിയറ്റ് യൂണിയനില്‍ ഏകാധിപത്യം നടപ്പാക്കിയിരുന്ന കമ്മിസാറിന്റെതാണെന്ന് കരുതുന്ന ഈ നേതാവ് രാജ്യത്ത് ഒരു ജനാധിപത്യസംവിധാനമുണ്ടെന്നോ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്നോ അംഗീകരിക്കുന്നതായി തോന്നുന്നില്ല. പാര്‍ട്ടിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നും, മുന്‍കാലത്ത് അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഒരു ലജ്ജയുമില്ലാതെ പറയാന്‍ ഇങ്ങനെയൊരാള്‍ക്കല്ലേ കഴിയൂ. പാര്‍ട്ടി സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലീസും കോടതിയുമൊന്നുമല്ലെന്നും, പാര്‍ട്ടിക്കാര്‍തന്നെയാണെന്നും കഴിഞ്ഞദിവസം കണ്ണൂരില്‍ ഗോവിന്ദന് നടത്തിയ പ്രസ്താവന മാത്രം മതി ഈ നേതാവിന്റെ തനിനിറം മനസ്സിലാക്കാന്‍.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടുകൂടിയതിനുശേഷമാണ് എം.വി.ഗോവിന്ദന് ഇപ്രകാരമായതെന്ന് കരുതുന്നവരുണ്ട്. അവര്‍ സിപിഎമ്മിന്റെ ചരിത്രം അറിയാത്തവരാണ്. അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനും ഗോവിന്ദനുള്‍പ്പെടെയുള്ളവര്‍ പിണറായിയെ മാതൃകയാക്കുന്നുണ്ടാവാം. പക്ഷേ അതൊന്നും പിണറായിയുടെ സൃഷ്ടിയല്ല. ബഹുഭൂരിപക്ഷം സിപിഎമ്മുകാര്‍ക്കും ഇത് സഹജമാണ്. അധികാരം കയ്യില്‍ വന്നപ്പോള്‍ പിണറായിയുടെ ഈ ഗുണഗണങ്ങള്‍ പൂര്‍ണമായി പുറത്തുചാടുന്നുണ്ടെന്നു മാത്രം. ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ പിണറായി നിറഞ്ഞാടുക തന്നെയാണ്. ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഒട്ടും കുറയ്ക്കാന്‍ പാടില്ലല്ലോ എന്ന ചിന്തയാണ് ഗോവിന്ദനെ നയിക്കുന്നത്. ഈ നേതാവ് അടുത്തിടെ നടത്തിയ ജനകീയ യാത്രയില്‍ ഈ മനോഭാവം പ്രകടമായിരുന്നു. താന്‍ പാര്‍ട്ടി സെക്രട്ടറി മാത്രമല്ല, സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സമാന്തര ഭരണസംവിധാനത്തിന്റെ കേന്ദ്രവുമാണെന്ന മട്ടിലായിരുന്നു യാത്രയിലുടനീളം ഗോവിന്ദന് കാഴ്ചവച്ച പ്രകടനം. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ ആര്‍ക്കും സാധ്യമല്ല. കാരണം അനുകരിക്കുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധിപതിയായി വാഴുന്ന പിണറായി വിജയനെയാണ്. ഗോവിന്ദന് തെറ്റാണെങ്കില്‍ പിണറായിയും തെറ്റാണ്. പിണറായിയെ തിരുത്താന്‍ ചെന്നാല്‍ പദവിയുണ്ടാവില്ല, പാര്‍ട്ടിയിലുമുണ്ടാവില്ല. ജീവിച്ചിരിക്കുമെന്നുപോലും ഉറപ്പു പറയാനാവില്ല. അതാണല്ലോ അന്‍പത്തിയൊന്ന് വെട്ടേറ്റ് ടി.പി.ചന്ദ്രശേഖരന്റെ ജീവന് പൊലിഞ്ഞത്. പാര്‍ട്ടിയില്‍ തന്നെ ചോദ്യം ചെയ്ത് പകരക്കാരനായി ഒരാള്‍ വളര്‍ന്നുവന്നത് പിണറായിയെ അസ്വസ്ഥനാക്കി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ആദ്യമായി ന്യായീകരിച്ചത് പിണറായി ആയിരുന്നുവല്ലോ. കൊലപാതകത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് പത്രസമ്മേളനം വിളിച്ച് പറഞ്ഞ പിണറായിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൊല നടത്തിയവരെ രക്ഷിക്കലായിരുന്നു.
ഭരണത്തിന് പിണറായി വിജയനും സിപിഎമ്മിന് എം.വി.ഗോവിന്ദനും നേതൃത്വം നല്‍കുന്നതിന്റെ ദുഷ്ഫലങ്ങളാണിപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ബലത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഏര്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അക്രമം, കൊലപാതകം, അഴിമതി, മോഷണം, കള്ളക്കടത്ത്, തട്ടിപ്പ്, ലൈംഗിക പീഡനം, ലഹരിക്കടത്ത്, നിയമനങ്ങളിലെയും പരീക്ഷകളിലെയും തിരിമറി എന്നിങ്ങനെ എല്ലാറ്റിലും പാര്‍ട്ടിക്ക് പങ്കുണ്ട്. വെറും പാര്‍ട്ടി അണികളല്ല, നേതാക്കള്‍ തന്നെയാണ് ഇത്തരം കേസുകളില്‍ പ്രതികളാവുന്നത്. ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ സിപിഎമ്മുകാര്‍ നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തായിരിക്കുന്നു. അനധികൃതമായി കേരളത്തിലേക്ക് തോക്ക് കടത്തിയതിനു പിന്നില്‍ ടിപി കൊലക്കേസിലെ പ്രതിയാണെന്ന് വ്യക്തമായി. ജയിയിലില്‍ കിടന്നും ഇവര്‍ക്ക് ഇത്തരം ഇടപാടുകള്‍ നടത്താന്‍ കഴിയുന്നത് ഭരണത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. നിലവില്‍ രണ്ട് ആഡംബര കാറുകളുള്ള സിഐടിയുവിന്റെ ഒരു പ്രാദേശിക നേതാവാണ് അരക്കോടിയിലേറെ വിലയുള്ള മിനികൂപ്പര്‍ സ്വന്തമാക്കിയത്. ആലപ്പുഴയിലെ ഒരു പാര്‍ട്ടി നേതാവ് ബോളിവുഡ് സിനിമകളെ വെല്ലുന്ന വിധത്തില്‍ മകന്റെ ആഡംബര വിവാഹം നടത്തി വിവാദമായത് ആരും മറന്നിട്ടില്ല. ഇത്തരം പഞ്ചനക്ഷത്ര മാര്‍ക്സിസ്റ്റുകള്‍ സിപിഎമ്മിന്റെ എല്ലാ തട്ടിലുമുണ്ട്. പലരും ബിനാമികള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു എന്നുമാത്രം. ഇതിനു മുന്‍പും ഒരു പാര്‍ട്ടി സെക്രട്ടറി മിനികൂപ്പര്‍ വിവാദത്തില്‍പ്പെട്ടിട്ടുള്ളതാണല്ലോ. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായയാള്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് നാല്‍പ്പതിലേറെ കാറുകളുടെ അകമ്പടിയില്‍ ചീറിപ്പായുമ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെയായിക്കൂടാ എന്നാണ് മറ്റു നേതാക്കള്‍ ചിന്തിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ അഴിമതികളുടെ മാനദണ്ഡം പിണറായിയാണ്. ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലുമൊക്കെ നടപടികളെടുത്ത് ഒന്നും നേരെയാക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: