കിളിമാനൂര്‍: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കിളിമാനൂരില്‍ തുടങ്ങിയ സുഭിക്ഷ ഹോട്ടല്‍ പൂട്ടിയിട്ട് മാസങ്ങളായി. ഭരണകര്‍ത്താക്കളും നടത്തിപ്പുകാരും സംഘാടകരും ഇപ്പോള്‍ മൗനത്തില്‍.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30നാണ് കിളിമാനൂര്‍ മാര്‍ക്കറ്റിന് സമീപം ഒമാന്‍ തുര്‍ക്കി കോംപ്ലക്സില്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടല്‍ തുടങ്ങിയത്. 20 രൂപയ്ക്ക് ഊണ് നല്കുന്നതായിരുന്നു പദ്ധതിയുടെ ആകര്‍ഷണം. പദ്ധതിക്ക് സര്‍ക്കാര്‍ വലിയ പ്രചാരണവും കൊടുത്തിരുന്നു. ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ആയിരുന്നു ഉദ്ഘാടകന്‍. വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്ത് ആഘോഷമാക്കുകയും ചെയ്തു.
ഹോട്ടല്‍ തുടങ്ങുന്നതിനായി പ്രതിമാസം 13,000 രൂപ വാടക നിശ്ചയിച്ചാണ് സ്വകാര്യ വ്യക്തിയില്‍ നിന്നും സ്ഥലം വാടകയ്‌ക്ക് എടുത്തത്. പതിനായിരങ്ങള്‍ ചെലവിട്ട് ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ മേശ, കസേര അടക്കം സാധനങ്ങളും വാങ്ങി. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ അടയമണ്‍ ശ്രീകൃഷ്ണ കുടുംബശ്രീക്കായിരുന്നു ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. നാലുമാസത്തോളം ഹോട്ടല്‍ പ്രവര്‍ത്തിച്ചു. പിന്നീട് തുടര്‍ന്ന് അവര്‍ക്ക് നടത്താനായില്ല. സാമ്പത്തികപ്രശ്‌നമാണ് പൂട്ടാന്‍ കാരണം. നടത്തിപ്പുകാര്‍ക്ക് വേണ്ട ഭൗതിക സാഹചര്യങ്ങളും കുറഞ്ഞ നിരക്കില്‍ സാധനങ്ങളും നല്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല യഥാസമയം കെട്ടിടത്തിന്റെ കറണ്ടുബില്ല് പോലും അടച്ചിരുന്നില്ല. അതുമൂലം വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
മാസങ്ങളായി കെട്ടിടത്തിന് വാടക നല്കാനുണ്ട്. ഹോട്ടല്‍ തുടങ്ങാനായി വാങ്ങിയ സാധനങ്ങള്‍ മുറിക്കുള്ളില്‍ പൊടിപിടിച്ച നിലയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. കിളിമാനൂരിലെ വിശപ്പുരഹിത പദ്ധതി ഫലത്തില്‍ വെള്ളാനയായി ലക്ഷങ്ങള്‍ പാഴാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക