കണ്ണൂര്‍: വടക്കെ മലബാറിലെക്ഷേത്ര വാദ്യകലയുടെ അമരക്കാരനും, വാദ്യകലയ്‌ക്ക് മലബാറിൽ ജന ശ്രദ്ധനേടികൊടുത്തവരിൽ പ്രമുഖനുമായിരുന്ന കടന്നപ്പള്ളി ശങ്കരൻ കുട്ടിമാരാർ (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
ഭാര്യ; വിജയ ലക്ഷമി. മക്കള്‍: ലത, സ്മിത, വിദ്യ. മരുമക്കള്‍ : ശശിധരന്‍, കോട്ടയ്‌ക്കല്‍ രമേശന്‍ മാരാര്‍ , സുരേന്ദ്രന്‍
കേരളത്തിലും വിദേശ രാജ്യങ്ങളിലും വാദ്യ കല അവതരിപ്പിച്ച് ജനകീയനായ കലാകാരനാണ് കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ. ഗുരുക്കൻമാരിൽ നിന്നും പകർന്നു കിട്ടിയ അടിസ്ഥാന വാദ്യ സമ്പ്രദായത്തെ നിലനിർത്തി കൊണ്ട് പുതിയ തലമുറയിൽപ്പെട്ട പ്രഗൽഭരായ ഒട്ടനവധി കലാക്കാരൻമാക്കൊപ്പം വാദ്യ പ്രമാണിയായി പുതിയസമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാൻ കടന്നപ്പള്ളി ആശാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.
തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും ആചാരപേരും നൽകി വാദ്യലോകം മഹാ പ്രതിഭയെ ആദരിക്കുകയുണ്ടായി. ക്ഷേത്ര കല അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ കടന്നപ്പള്ളി ആശാന് ലഭിച്ചിട്ടുണ്ട്. കൊട്ടിയൂർ , തളിപറമ്പ്, പയ്യന്നൂർ തുടങ്ങി മലബാറിലെ മഹാക്ഷേത്രങ്ങളിലെ അടിയന്തര- ഉത്സവ വാദ്യങ്ങൾ നടത്തി പോന്ന ശങ്കരൻ കുട്ടി ആശാന്റെ വേർപാട് കലാകേരളത്തിനും വടക്കെ മലബാറിനും നികത്താനാവാത്ത നഷ്ടമാണ്.
വാദ്യകലയുടെ പെരുമ ലോകം മുഴുവൻ അറിയിച്ച ഈ കടന്നപ്പള്ളിക്കാരൻ കഴിഞ്ഞ ദിവസം വാദ്യശ്രീ പുരസ്‌ക്കാരത്തിനും അർഹനായി. എട്ടാം വയസിൽ പിതാവ് കൊട്ടില വീട്ടിൽ ശങ്കര മാരാരിൽ നിന്ന് ബാലപാഠങ്ങൾ സ്വായത്തമാക്കിയ ശേഷം കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.പിന്നീട് ശങ്കരൻ കുട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അര നൂറ്റാണ്ടായി മേളപെരുമ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു ശങ്കരൻ കുട്ടി മാരാർ. കോറോത്ത് നാരായണ മാരാറെ ഗുരുവായി സ്വീകരിച്ച കടന്നപ്പള്ളി പുളിയാമ്പള്ളി ശങ്കര മാരാരിൽ നിന്ന് പാണിയും തിമിലയും അഭ്യസിച്ചു. പല്ലാവൂർ മണിയൻ മാരാറോടൊപ്പം നീണ്ട വർഷങ്ങൾ കഴിച്ചുകൂട്ടിയത് വലിയ അനുഭവമായി. സദനം വാസുദേവനിൽ നിന്ന് കഥകളി ചെണ്ടയും അഭ്യസിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടിയെ കൂടി കൂട്ടിന് കിട്ടിയപ്പോൾ വാദ്യലോകം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു
പാരീസ്, ലണ്ടൻ ഹോങ്ങ്‌കോങ്ങ് ,ഉക്രെയിൻ, നോർവെ, ബ്രസീൽ, മൊറോക്കോ, സിംഗപ്പൂർ തുടങ്ങി പതിനാലോളം വിദേശ രാജ്യങ്ങളിൽ വാദ്യകലയുടെ പെരുമ അറിയിച്ചു. വാദ്യകലയെ ജനകീയവൽക്കരിച്ചതാണ് ശങ്കരൻ കുട്ടി മാരാറെ ശ്രദ്ധേയനാക്കിയത്. വരേണ്യവർഗത്തിനു മാത്രം പ്രാപ്യമായ ക്ഷേത്ര കലകളെ സമൂഹത്തിലെ കീഴ്ജാതിക്കാരെ കൂടി അഭ്യസിപ്പിച്ചതിലൂടെ സ്വസമുദായത്തിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്തിയെങ്കിലും അതിനെയെല്ലാം അവഗണിച്ച് അറിവിനു വേണ്ടി തന്റെ പക്കലേക്ക് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. വാദ്യകലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചതിന് ഗുരുവായൂർ ദേവസ്വം നാലു തവണ ശങ്കരൻ കുട്ടിയെ ആദരിച്ചിരുന്നു.കൊട്ടിയൂർ ദേവസ്വം ‘ഓച്ചർ ബഹുമതി നൽകിയാണ് ആദരിച്ചത്. തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്തു നിന്ന് വാദ്യരത്‌നം ബഹുമതി നൽകിയാണ് ആദരിച്ചത്.
വിവിധ ക്ഷേത്രങ്ങളും അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. വാദ്യകലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ വാദ്യാസ്വാദകരുടെ പ്രിയപ്പെട്ട കലാകാരനാണ്. തൃഛംബരം ക്ഷേത്രോത്സവത്തിന് കടന്നപ്പള്ളിയില്ലാത്ത തിരു നൃത്തം നാട്ടുകാരുടെ ഓർ മ്മയിൽ ഉണ്ടായിട്ടില്ല. അതോടൊപ്പം അദ്ദേഹം പാടുന്ന അഷ്ടപദിയും. ഇപ്പോഴും പലരുടെയും കാതിൽ മുഴങ്ങുന്നുണ്ട്
കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ സപ്തതി ആഘോഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക: