തിരുവല്ല: സ്കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തണമെന്ന നിലപാട് കടുപ്പിച്ച് സ്വകാര്യബസുടമകള്‍. സ്വകാര്യബസുകളിലെ വിദ്യാര്‍ഥി കണ്സഷന് മിനിമം നിരക്കിന്റെ അമ്പത് ശതമാനമാക്കണമെന്നത് ഉടമകളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഒരു ബസ് സര്‍വീസ് ശരാശരി 250-350 വിദ്യാര്‍ഥികള്‍ വരെ വിനിയോഗിക്കുന്നതായാണ് ബസുടമകളുടെ കണക്ക്. കണ്സഷന് ടിക്കറ്റ് നിലവില്‍ രണ്ട് രൂപയാണ്.
ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്സഷന് ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു. അതിന്‍പ്രകാരം നിലവിലെ മിനിമം ചാര്‍ജായ 10 രൂപയുടെ അമ്പത് ശതമാനമായ അഞ്ച് രൂപ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തേണ്ടതാണ്. നഷ്ടത്തില്‍ ഓടുന്ന സ്വകാര്യബസുകളുടെ നിലനില്‍പ്പിന് ഒരുപരിധിവരെ പരിഹാരം ഇതിലൂടെ സാധിക്കുമെന്നാണ് ബസുടമകളുടെ പക്ഷം.
ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസിലും കണ്സഷന് യാത്ര വ്യാപകമാക്കണമെന്നും ആവശ്യമുയര്‍ത്തുന്നു. ഈ രണ്ട് വിഷയങ്ങളും 24ന് തൃശ്ശൂരില്‍ ചേരുന്ന സ്വകാര്യബസ് ഉടമകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ചര്‍ച്ചയാകും. 1958ല്‍ നടന്ന ഒരണസമരമാണ് വിദ്യാര്‍ഥികളുടെ യാത്ര കണ്സഷന് നിരക്ക് ആദ്യമായി പ്രാബല്യത്തിലെത്തിച്ചത്. ആദ്യം ബോട്ടിലും പിന്നീട് ബസിലുമായി ഇത് നടപ്പിലാക്കി.
ഇക്കാലയളവില്‍ വിവിധ പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടുകൊണ്ടുപോയെങ്കിലും കൊവിഡ് കാരണം ബസ് വ്യവസായം വളരെയധികം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. സംസ്ഥാന ഗതാഗതവകുപ്പിന്റെ കണക്കുപ്രകാരം 15 വര്‍ഷം മുമ്പ് 12000 ആയിരുന്ന സ്ഥാനത്ത് 6500 സ്വകാര്യബസുകളാണ് ഇപ്പോഴുള്ളത്. ജീവനക്കാരുടെ പ്രതിദിന വേതനം പത്തുവര്‍ഷത്തിനിടയില്‍ പത്തിരട്ടിയായി. ഒരു ബസിന് മൂന്നുമുതല്‍ അഞ്ച് വരെ ജീവനക്കാര്‍ ഉണ്ടായിരുന്നത് രണ്ടിലേക്ക് ചുരുങ്ങി. കളക്ഷന്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയോട് മത്സരിക്കേണ്ട അവസ്ഥയായപ്പോള്‍ വരവിലും ഇടിവായെന്ന് ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: