കെ.സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതിനെ ഒറ്റവാക്കില്‍ ജനദ്രോഹത്തിന്റെ ഏഴുവര്‍ഷങ്ങള്‍ എന്ന് പറയാം. ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം ഒരുക്കിയാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 4000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വിലകൂടി. തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 12-15 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും കുറവ്. കെട്ടിട നിര്‍മാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത്. അരിക്കും പച്ചക്കറിക്കും ഉള്‍പ്പെടെ പൊള്ളുന്ന വിലയാണ് കേരളത്തിലുള്ളത്. വെള്ളക്കര വര്‍ധന നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് ഇടതു സര്‍ക്കാരിന്റെ കൈമുതല്‍. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുന്നു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. പൊലീസുകാര്‍ ലഹരിമാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വിടുപണി ചെയ്യുകയാണ്. പൊലീസ് ഉദ്യോഗസ്ഥരില്‍ ആയിരത്തോളം പേര്‍ ക്രമിനലുകളാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. കേരളത്തില്‍ ക്രമസമാധാനപാലനം സ്വപ്‌നങ്ങളില്‍ മാത്രമായിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകം. ദാരുണമായി പരിക്കേറ്റ വന്ദനയ്‌ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സംവിധാനമില്ലായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നോ ഡോക്ടര്‍മാരോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്. പൊതുജനാരോഗ്യ വകുപ്പില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്. കൊട്ടാരക്കര സംഭവത്തില്‍ ആരോഗ്യമന്ത്രി മനുഷ്യത്വരഹിതമായ പ്രസ്താവനയാണ് നടത്തിയത്.
സര്‍വ്വത്ര കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. പണ്ടൊക്കെ ഒരു പദ്ധതിയില്‍ നിന്നും കമ്മീഷന്‍ അടിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് പദ്ധതികള്‍ പോലും സൃഷ്ടിക്കുന്നത്. എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ തട്ടിക്കൂട്ട് കമ്പനിക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. പ്രസാഡിയോ ഡയറക്ടര്‍ പ്രകാശ്ബാബുവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം അദ്ദേഹം തുറന്നു പറയണം. പ്രസാഡിയോ കമ്പനിയുടെ സമീപകാലത്തെ സമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നതാണ്. ഈ അഴിമതി പിണറായി വിജയന്‍ ലിമിറ്റഡ് കമ്പനിയാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് എഐ ക്യാമറ അഴിമതിയുടെ ഗുണഭോക്താക്കള്‍. സര്‍ക്കാര്‍ 235 കോടിക്ക് കെല്‍ട്രോണിന് കരാര്‍ കൊടുക്കുന്നു. കെല്‍ട്രോണ്‍ അത് എസ്ആര്‍ഐടി കമ്പനിക്ക് 175 കോടിക്ക് മറിച്ച് കൊടുക്കുന്നു. കെല്‍ട്രോണിന്റെ പോക്കറ്റില്‍ ഒന്നുമറിയാതെ 60 കോടി വീഴുന്നു. എസ്ആര്‍ഐടി ആ കരാര്‍ കോഴിക്കോടുള്ള രണ്ട് കടലാസ് കമ്പനിക്ക് 75 കോടിക്ക് മറിച്ചുകൊടുക്കുന്നു. സംസ്ഥാനത്തെ എല്ലാ അഴിമതികളിലും ക്ലിഫ്ഹൗസിന് ബന്ധമുണ്ട്. സംഘടിതമായി ശാസ്ത്രീയമായ രീതിയിലാണ് കേരളത്തില്‍ പിണറായി വിജയന്‍ അഴിമതി നടത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു.
താനൂര്‍ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമാണ്. മന്ത്രിമാരായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് റിയാസിനും നിയമവിരുദ്ധ ബോട്ട് യാത്രയെ പറ്റി നേരിട്ട് അറിവുണ്ടായിരുന്നു. അവര്‍ക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. എന്നിട്ടും നടപടിയെടുക്കാതിരുന്നതു കൊണ്ടാണ് 22 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കേരളത്തില്‍ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണ്. കേരളത്തില്‍ എത്ര ഹൗസ്‌ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന മന്ത്രി റിയാസ് എന്തുകൊണ്ടാണ് ഹൗസ്‌ബോട്ടിനു വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ പോലും ഈകാര്യത്തില്‍ സര്‍ക്കാര്‍ തയ്യാറായില്ല. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. കേരളത്തിലെ ബോട്ട് സര്‍വ്വീസുകള്‍ അപടകരമാംവിധത്തിലാണ് പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അതെല്ലാം അവഗണിക്കുകയായിരുന്നു.
ആദിവാസി യുവാക്കളെ കൊലയ്‌ക്ക്
കൊടുക്കുന്ന സിപിഎം
മലപ്പുറം കീഴ്‌ശ്ശേരിയില്‍ ബീഹാറി ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകത്തിന് മുമ്പില്‍ കേരളത്തെ നാണംകെടുത്തുന്നതായി. ഇതിന് മുമ്പും സമാനമായ രീതിയില്‍ അട്ടപ്പാടിയില്‍ മധുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തു വെച്ച് വയനാട് സ്വദേശിയായ വിശ്വനാഥനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ ആക്രമണമാണ് മലപ്പുറത്ത് നടന്നത്. അതിഥി തൊഴിലാളികള്‍ എന്ന മധുര വര്‍ത്തമാനത്തിനപ്പുറം സര്‍ക്കാരിന് അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ പെരുപ്പിച്ചു കാട്ടി പ്രതികരിക്കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇക്കാര്യത്തില്‍ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണ്.
മുസ്ലിംലീഗിന്റെ കോട്ടയായറിയപ്പെടുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും ഇവിടെ മൗനത്തിലാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ മൃതദേഹം കാണാനോ പോലും മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ, ജനപ്രതിനിധികളോ തയ്യാറാകുന്നില്ല. കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിന് കളങ്കമാണിത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്
നേരെയുള്ള കടന്നുകയറ്റം
ഐഎസ് ഭീകരവാദികളുടെ ചതിക്കുഴിയെ കുറിച്ച് പറയുന്ന ഹിന്ദി സിനിമ കേരള സ്റ്റോറിക്കെതിരെ കേരളത്തില്‍ നടപ്പിലാക്കുന്ന അപ്രഖ്യാപിത വിലക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. സിപിഎമ്മും കോണ്‍ഗ്രസും ഐഎസ് ഭീകരവാദികളുടെ മാനസികാവസ്ഥയിലാണ് സിനിമക്കെതിരെ കേരളത്തില്‍ ഉറഞ്ഞുതുള്ളുന്നത്. ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ ഇത്രയും സുരക്ഷയൊരുക്കേണ്ടി വന്നത് കേരളത്തിലെ ഐഎസ് സാന്നിധ്യത്തിന്റെ തെളിവാണ്.
ലഹരിയുടെ ഹബ്ബാവുന്ന കേരളം
കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയില്‍ നടന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിലൂടെ വ്യക്തമാവുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയതയാണ് കേരളത്തെ ലഹരി ഹബ്ബാക്കി മാറ്റുന്നത്. മയക്കുമരുന്ന് മാഫിയക്ക് കുടപിടിക്കുന്ന സമീപനമാണ് കേരള പൊലീസിനുള്ളത്. സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം നിര്‍ബാധം നടക്കുകയാണ്. മയക്കുമരുന്ന് ഒഴുകുന്നതില്‍ ഭരണകക്ഷി നേതാക്കളായ ചിലര്‍ക്കും പങ്കുണ്ട്. അടുത്തകാലത്തായി ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ്.
ഭരണ-പ്രതിപക്ഷ അവിശുദ്ധ സഖ്യം
കേരളത്തില്‍ ഭരണ-പ്രതിപക്ഷ അവിശുദ്ധ സഖ്യമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സിപിഎമ്മല്ല, ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണപക്ഷത്തോടുള്ള പ്രതിപക്ഷത്തിന്റെ മൃദുസമീപനമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന എം.വി. ഗോവിന്ദന്റെ വാക്കുകള്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തിനുള്ള തയ്യാറെടുപ്പാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
രക്ഷയില്ലാത്ത കേരളം
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കേരള ഖജനാവില്‍ നിന്നും സ്ത്രീ നവോത്ഥാനത്തിനായി 50 കോടി ചെലവഴിച്ച് വനിതാമതില്‍ കെട്ടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ എഴുവര്‍ഷത്തെ ഭരണത്തില്‍ മാത്രം 1,03,354 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2022ല്‍ മാത്രം 18,943 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ തരം അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് കുട്ടികള്‍ക്കെതിരായ അക്രമത്തിന്റെ പേരില്‍ 29,240 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ 5315 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും കേരളത്തില്‍ 11 കുട്ടികളാണ് അതിക്രമത്തിന് ഇരയാവുന്നത്. ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും കേരളത്തില്‍ വര്‍ധിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പിടിയിലാവുന്നവരില്‍ ഭൂരിപക്ഷവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: