ന്യൂദല്‍ഹി: ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടഞ്ഞകൊണ്ടുള്ള ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
രാജ്യത്തെ മറ്റുഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ ബംഗാളിന് മാത്രം എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി കോടതിയെ അറിയിച്ചത്. എന്നാല്‍ വാദത്തോട് കോടതി യോജിച്ചില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.
സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജികളിലെ വാദം വേനലവധിക്കുശേഷം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് ആരോപിച്ചാണ് ബംഗാളില്‍ സിനിമ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: