ന്യൂദല്‍ഹി: നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യയും ബ്രിട്ടനും അടുത്ത മാസം ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തും. ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ (ഡിജിഎഫ്ടി) സന്തോഷ് കുമാര്‍ സരണാഗിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ അത് നീട്ടി. ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇരുപക്ഷവും ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 5 മുതല്‍ 9 വരെ നടക്കുന്ന 10-ാം വട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നും സരനാഗി പ്രത്യാശ പ്രകടിപ്പിച്ചു. 26 നയ രൂപീകരണ മേഖലകളുമായി ബന്ധപ്പെട്ട് 2021 ജനുവരി 13-നാണ് ചര്‍ച്ചകള്‍ തുടങ്ങിയത്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര ഉടമ്പടിയുടെ അഞ്ചാം വട്ട ചര്‍ച്ചകള്‍ ജൂണ്‍ 19 മുതല്‍ 23 വരെ ഇന്ത്യയില്‍ നടക്കുമെന്നും സരനാഗി അറിയിച്ചു. ഇതുവരെ നാല് വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അവസാന വട്ട ചര്‍ച്ചയില്‍ 21 നയ മേഖലകളില്‍ സംഭാഷണം നടന്നു. ചരക്കുകളിലും സേവനങ്ങളിലും ഓഫര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള രീതികളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഇന്ത്യ-കാനഡ വ്യാപാര കരാര്‍ സംബന്ധിച്ച് ചരക്ക് സേവന വിപണി പ്രവേശനത്തില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സന്തോഷ് കുമാര്‍ സരണാഗി പറഞ്ഞു.ഏപ്രില്‍ 3 മുതല്‍ 6 വരെ കാനഡയിലെ ഒട്ടാവയില്‍ ഏഴാം വട്ട ചര്‍ച്ചകള്‍ നടന്നു.
പരമ്പരാഗത മേഖലകള്‍ക്ക് പുറമെ, ഇടക്കാല കരാറില്‍ ചെറുകിട, ഇടത്തരം മേഖലകള്‍, വ്യാപാരം, ലിംഗഭേദം, പരിസ്ഥിതി, തൊഴില്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെട്ടേക്കാം. ജി 20 ചര്‍ച്ചകളില്‍, രണ്ടാമത്തെ വ്യാപാര, നിക്ഷേപ പ്രവര്‍ത്തക യോഗം ഈ മാസം 23-25 വരെ തീയതികളില്‍ ബെംഗളൂരുവില്‍ നടക്കുമെന്ന് സന്തോഷ് കുമാര്‍ സരണാഗി പറഞ്ഞു. ആഗോള വ്യാപാരത്തിലും നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇന്ത്യ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും ഫലങ്ങളും സംബന്ധിച്ച് ജി 20 രാജ്യങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാക്കുന്നതിനുള്ള വേദിയൊരുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: