ന്യൂദല്‍ഹി : കേന്ദ്രസര്‍വീസുകളില്‍ പുതുതായി നിയമിതരായ 71,000 പേര്‍ക്കുളള നിയമനക്കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റോസ്ഗര്‍ മേള നടന്നു. യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യ വികസനത്തില്‍ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് റോസ്ഗര്‍ മേളയെന്ന് പുതുതായി നിയമിതരായവരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത്തരം മേളകളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നിയമന നടപടികള്‍ കൂടുതല്‍ സുതാര്യവും നീതിയുക്തവുമാക്കുന്നതിന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ ഡാക് സേവക്സ്, കൊമേഴ്സ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട്‌സ് ക്ലാര്‍ക്ക്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ടാക്‌സ് അസിസ്റ്റന്റുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്സിംഗ് ഓഫീസര്‍മാര്‍ പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് പ്രൊഫസര്‍, തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനങ്ങള്‍.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം നിറവേറ്റുന്നതിനുള്ള ചുവടുവെപ്പാണ് റോസ്ഗര്‍ മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവജനങ്ങളുടെ ശാക്തീകരണത്തിനും രാജ്യ വികസനത്തില്‍ പങ്കാളിത്തത്തിനും അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി റോസ്ഗര്‍ മേള മാറുമെന്നാണ് പ്രതീക്ഷ. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയതായി നിയമിതരായ എല്ലാവര്‍ക്കും ഓണ്‍ലൈനായി സ്വയം പരിശീലിക്കാന്‍ കര്‍മ്മയോഗി പ്രാരംഭ് വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: