കര്‍ണാടക നിയമ സഭയിലേക്കും യുപി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെുപ്പ് ഫലം കൗതുകകരമാണ്. യുപിയിലെ മുഴുവന്‍ കോര്‍പ്പറേഷനുകളും ബിജെപി പിടിച്ചെടുത്തപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിയിരിക്കുന്നു. ജനാധിപത്യത്തില്‍ വിജയത്തിനാണ് പ്രാധാന്യം. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ അഭിനന്ദിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ക്കാവട്ടെ എന്നും ആശംസിക്കുന്നു. കര്‍ണാടക മനസ്സ് എന്നും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നതാണ്. ആ മേല്‍ക്കൈ നിലനിര്‍ത്താനും അതനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും അവര്‍ക്കാകുമോ എന്ന സംശയം ശക്തവുമാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ജീവന്മരണപോരട്ടമായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം മുന്നിലുണ്ട്. കര്‍ണാടക ജയിച്ചാല്‍ ആ തെരഞ്ഞെടുപ്പുകളിലേക്കുള്ള ചവിട്ടുപടിയാകും അതെന്നവര്‍ കണക്കുകൂട്ടി. തെരഞ്ഞെടുപ്പില്‍ ജാതി, മത, വര്‍ഗീയ കാര്‍ഡിറക്കി കളിച്ച കോണ്‍ഗ്രസ് മതേതരത്വത്തിന്റെ വിജയമാണെന്ന് വീമ്പടിക്കുന്നത് വിചിത്രമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലും വോട്ടുനേടുന്നതിനും തനി വര്‍ഗീയാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. വോട്ടുനേടാന്‍ പണമൊഴുക്കി എന്നതും പകല്‍പോലെ വ്യക്തമാണ്.
വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് കല്ലുവച്ചനുണയാണ് വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത യന്ത്രമാണ് ഉപയോഗിക്കുന്നതെന്നും ഇത് വോട്ട് അട്ടിമറിക്കാനാണെന്നുവരെ പ്രചരിപ്പിച്ചു. ഏതായാലും ആ പ്രചാരണത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. കര്‍ണാടകയില്‍ സീറ്റിന്റെ കാര്യത്തില്‍ ബിജെപി ഏറെ അകലെയാണെങ്കിലും വോട്ടിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 36 ശതമാനം വോട്ടാണ് നേടിയത്. അതിലൊട്ടും ചോര്‍ച്ചയില്ല എന്നു കാണാന്‍ കഴിയും. അതേസമയം ജെഡിഎസിന്റെ വോട്ട് കാര്യമായി ഇടിഞ്ഞു. ആ വോട്ട് എങ്ങോട്ട് പോയി എന്ന് നോക്കിയാലറിയാം കോണ്‍ഗ്രസിന്റെ നേട്ടം എങ്ങിനെയാണെന്ന്. ജെഡിഎസിന്റെ വോട്ടുമാത്രമല്ല, സീറ്റും നന്നായി കുറഞ്ഞു. കിംഗ് മേക്കറാകാന്‍ കൊതിച്ച കുമാരസ്വാമി ജയിച്ചെങ്കിലും മകന്‍ തോറ്റു. കോണ്‍ഗ്രസ് 136 സീറ്റിലും ബിജെപി 65 സീറ്റിലും ജെഡിഎസ് 19 സീറ്റിലുമാണ് ജയം കണ്ടത്.
മറ്റുള്ള 4 സീറ്റില്‍ ഒന്നെങ്കിലും തങ്ങളുടേതാകുമെന്ന് കണക്കുകൂട്ടിയ കമ്യൂണിസ്റ്റുകള്‍ക്കാണ് ദയനീയതോല്‍വി. 4 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ഒരിടത്തുമാത്രമാണ് ജാമ്യത്തുകനേടാനായത്. എന്നിട്ടും നാവിന് ഒരു കുറവുമില്ല. മതേതരത്വത്തിന്റെ വിജയമാണെന്നാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ അവകാശവാദം. മതേതരത്വത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ല, ബന്ധവുമില്ല എന്നതിന്റെ തുറന്ന പ്രഖ്യാപനം കൂടിയല്ലെ ഇതെന്ന ചോദ്യമാണിവിടെ ഉയരുന്നത്. ഭാഗേപ്പള്ളിയില്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 51697 വോട്ടാണ് നേടാനായതെങ്കില്‍ ഇക്കുറി ജെഡിഎസിന്റെ പിന്തുണ ഉണ്ടായിട്ടും കിട്ടിയത് 19,621 വോട്ടുമാത്രം. മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റ് പലസ്ഥലത്തും കിട്ടിയ വോട്ട് നോട്ടയ്‌ക്കും താഴെ.
വോട്ടെടുപ്പിന് മുന്‍പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീശ് ഷെട്ടാറിന്റെ തോല്‍വിയാണ് ദയനീയം. ബിജെപി മുഖ്യമന്ത്രിവരെയാക്കിയിരുന്നു ഷെട്ടാറിനെ. സീറ്റില്ലെന്ന് കേട്ട ഉടനെ ബിജെപിയെ കുറ്റംപറഞ്ഞ് കോണ്‍ഗ്രസില്‍ കയറിയ ഷെട്ടാറിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയെങ്കിലും ഹുള്ളി ധാര്‍വാസ് സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തി. അവിടെ ബിജെപിയുടെ മഹേശ് തെങ്കിനക്കൈയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്തു.
അതേസമയം കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി സമ്മാനിച്ചപ്പോള്‍ എസ്പിയും ബിഎസ്പിയും നാമമാത്രമായി വിജയത്തിലെത്തി. പഞ്ചാബിലെ ജലന്ധര്‍ലോക്‌സഭാ സീറ്റിലേക്കും മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണിതൊക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: