തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നതിന് അനുമതി നല്കിയ പൊതു ഭരണ വകുപ്പിന്റെ ഉത്തരവ് പുറത്ത്. നവീകരണത്തിന് ആകെ ചെലവ് കണക്കാക്കുന്നത് 2.11 കോടി രൂപയാണ്. പൊതു ഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാലാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.
60.46 ലക്ഷം മുടക്കിയാണു മുഖ്യമന്ത്രിയുടെ ഓഫിസും ചേംബറും നവീകരിക്കുക. ഇന്റീരിയര്‍ ജോലികള്‍ക്കായി 12.18 ലക്ഷം രൂപയും ഫര്‍ണിച്ചറിനായി 17.42 ലക്ഷവുമാണ് അനുവദിച്ചത്. പിണറായി വിജയന്റെ നെയിം ബോര്‍ഡ്, എംബ്ലം, ഫ്ലാഗ് പോള്‍സ് എന്നിവ തയാറാക്കുന്നതിന് 1.56 ലക്ഷം രൂപയും ചെലവഴിക്കും. ശുചിമുറിക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനില്‍ ഉള്ള ഫ്ലഷ് ഡോറിന് 1.85 ലക്ഷവും നല്ക്കും.
ഇതിനു പുറമെ സോഫ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കല്‍ ജോലി 4.70 ലക്ഷം, എസി 11.55 ലക്ഷം, അഗ്നിശമന സംവിധാനം 1.26 ലക്ഷം എന്നിങ്ങനെയാണ് ആകെ 60.46 ലക്ഷവും കണക്കാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പെന്ഷന് കുടിശികയുള്‍പ്പെടെ മുടങ്ങികിടക്കുമ്പോഴാണ് കോടികള്‍ ചിലവഴിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണം. സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: