നൗകാമ്പ്: സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്സലോണയ്ക്ക് കൈയെത്തും ദൂരത്ത്. ലീഗിലെ 33-ാം മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബാഴ്സലോണയ്ക്ക് രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയിന്റിന്റെ ലീഡായി. 14ന് നടക്കുന്ന കളിയില്‍ എസ്പാനിയോളിനെ പരാജയപ്പെടുത്തിയാല്‍ 2018-19 സീസണുശേഷം ആദ്യമായി ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീഗ് കിരീടമുയര്‍ത്താം. അതേസമയം റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനോട് പരാജയപ്പെട്ടതോടെയാണ് ബാഴ്സയുടെ കിരീടധാരണത്തിലേക്കുള്ള വഴി എളുപ്പമായത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ തോല്‍വി. നിലവില്‍ ബാഴ്സയ്ക്ക് 33 കളികളില്‍ നിന്ന് 82 പോയിന്റും റയലിന് 68 പോയിന്റുമാണുള്ളത്.
ഒസാസുനയ്ക്കെതിരായ കളിയില്‍ പകരക്കാരനായി ഇറങ്ങി 85-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിലാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. കളിയുടെ 27-ാം മിനിറ്റില്‍ ഒസാസുനയുടെ ജോര്‍ജെ ഹെരാന്ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി. എങ്കിലും 84-ാം മിനിറ്റുവരെ ബാഴ്സയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ ഒസാസുന താരങ്ങള്‍ക്കായി.
അതേസമയം റയല്‍ സോസിഡാഡിനെതിരായ കളിയില്‍ 47-ാം മിനിറ്റില്‍ തകേഫുസ കുബോയും, 85-ാം മിനിറ്റില്‍ ആന്‍ഡര്‍ ബാറെനെറ്റ്സിയയും എന്നിവര്‍ നേടിയ ഗോളിലാണ് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയത്. 61-ാം മിനിറ്റില്‍ റയലിന്റെ കാര്‍വാജല്‍ റാമോസ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയ ശേഷം പ്
ത്തുപേരുമായാണ് റയല്‍ കളിച്ചത്. വിജയത്തോടെ 33 കളികളില്‍ നിന്ന് 61 പോയിന്റുമായി റയല്‍ സോസിഡാഡ് നാലാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ അല്‍മേറിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എല്‍ഷെയെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: