ഒരു മേല്‍ശാന്തിയുടെ ജീവിതം എല്ലാ സ്വകാര്യതകളും മുറിച്ച് മാറ്റും എന്നാണ് കേള്‍ക്കന്നത്. ഈ മാമൂലുകളൊക്കെ കണ്ടുപിടിച്ചത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്നതിന് മുന്‍പായിരിക്കില്ലേ. ഇപ്പോള്‍ സയന്റിഫിക് ടെംപറില്‍ ലോകം വളരുന്നു. ഇത് മൊബൈല്‍ ഫോണ്‍ ഉള്ള കാലമാണ്. അപ്പോള്‍ പിന്നെ ഗുരുവായൂര്‍ മേല്‍ശാന്തിക്ക് ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഒഴിവാക്കേണ്ട ആവശ്യമുണ്ടോ?- ശ്രീകണ്ഠന് നായരുടെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ഗുരുവായൂര്‍ മേല്‍ശാന്തി കിരണ്‍ നമ്പൂതിരി നല്‍കിയത്.
“തീര്‍ച്ചയായും. അതങ്ങിനെയായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. മൊബൈല്‍ ഫോണുകളെല്ലാം ഒഴിവാക്കി, എല്ലാറ്റില്‍ നിന്നും മാറി നിന്നെങ്കിലേ ഒരു മേല്‍ശാന്തിക്ക് തന്റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നടത്താന്‍ കഴിയൂ.” – ഗുരുവായൂര്‍ മേല്‍ശാന്തി കിരണ്‍ നമ്പൂതിരി പറയുന്നു.
ശ്രീകണ്ഠന് നായര്‍: ഗുരുവായൂര്‍ മേല്ശാന്തിയായിക്കഴിഞ്ഞ്, കണ്ണന്റെ അടുത്ത് നില്ക്കുമ്പോള് ഭക്തിക്ക് ഉടവു തട്ടുന്ന എന്തെങ്കിലും അവിടെ ഉണ്ടാകുമോ? ഭക്തിപാരവശ്യം കൂടുകയാണോ കുറയുകയാണോ ചെയ്യുന്നത്?
കിരണ്‍ ആനന്ദ്: തീര്‍ച്ചയായും കൂടുകയാണ് ചെയ്യുന്നത്. കാരണം സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റുന്നതല്ല ഇത്. എളുപ്പമല്ല. മേല്ശാന്തിയായിക്കഴിഞ്ഞാല് പുലര്‍ച്ചെ രണ്ടേകാലിന് എണീറ്റ് കഴിഞ്ഞാല്‍ ഒന്നും കഴിക്കാനോ കുടക്കാനോ പാടില്ല. പച്ചവെള്ളം കുടിക്കണമെങ്കില്‍ ഉച്ചപൂജ നട തുറന്നതിന് ശേഷമേ അതിന് കഴിയൂ. ഉറങ്ങാന്‍ തന്നെ പകല്‍ വളരെ ചെറിയ സമയമേ കഴിയൂ. മേല്‍ശാന്തിയായി നമ്മളെ കൃഷ്ണന് നടത്തിക്കൊണ്ട് പോകുന്നു എന്നേ പറയാന്‍ കഴിയൂ.
ശ്രീകണ്ഠന് നായര്‍: താങ്കള്‍ ആയുര്‍വേദ ഡോക്ടറാണ്. സാധാരണ രീതിയില്‍ ജീവിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ആറ് മാസം എല്ലാറ്റില്‍ നിന്നും വിഘടിച്ച് മാറി, ആ സമയത്ത് നമ്മുടെ മനസ്സും ശരീരവും എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോയാല്‍ നമ്മുടെ സൗന്ദര്യബോധവും ശരീരശാസ്ത്രവും എല്ലാം പൊരുത്തപ്പെട്ടുപോകുമോ?
കിരണ്‍ ആനന്ദ്: തീര്‍ച്ചയായും. എന്റെ അനുഭവമാണ് ഞാന്‍ പറയുന്നത്.
ശ്രീകണ്ഠന് നായര്‍: ഗുരുവായൂരപ്പന്റെ കുസൃതിത്തരങ്ങള്‍ താങ്കള്‍ക്ക് അനുഭവപ്പെട്ടതായി താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ. താങ്കള്‍ക്ക് അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ?
കിരണ്‍ ആനന്ദ്: നമ്മള് വിചാരിക്കുന്ന സമയമല്ല. അദ്ദേഹം വിചാരിക്കുന്ന സമയത്താണ് കാര്യങ്ങള്‍ നടക്കുക. സാധാരണ ദിവസവും മൂന്ന് മണിക്ക് നട തുറന്ന് അഭിഷേകം കഴിഞ്ഞ് നേദ്യം കഴിഞ്ഞ് മുഖം ചാര്‍ത്തി നാല് മണിക്ക് നട തുറക്കണം. ചില ദിവസം ക്ലോക്കിലേക്ക് നോക്കുമ്പോള്‍ 3.45 ആണെന്ന് കാണുമ്പോള്‍ നമ്മള് വിചാരിക്കും. ഇന്ന് വേഗം നട തുറക്കാം. പക്ഷെ അപ്പോഴായിരിക്കും കണ്ണന് ചന്ദനം തൊടുമ്പോള്‍ അത് പിടിക്കില്ല. താഴെ വീഴും. അപ്പോള്‍ വീണ്ടും ചന്ദനം ചാര്‍ത്തേണ്ടതായി വരും. അങ്ങിനെ സമയം പോകും. അതല്ലെങ്കില്‍ കിങ്ങിണി വെക്കും. അത് നില്‍ക്കില്ല. അത് വീണുകൊണ്ടിരിക്കും. അപ്പോള്‍ നമ്മള് വിചാരിക്കുന്നതുപോലെയല്ല. അദ്ദേഹം വിചാരിക്കുന്നത് പോലെയേ കാര്യങ്ങള്‍ നീങ്ങൂ.
ഡോ. കിരണ്‍ ആനന്ദ് റഷ്യയില്‍ ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ ആകസ്മികമായാണ് കേരളത്തിലെത്തിയതും ഗുരുവായൂര്‍ മേല്ശാന്തിപ്പട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. മേല്‍ശാന്തിയായി അനുവദിക്കപ്പെട്ട ആറ് മാസത്തെ സേവനത്തിന് ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: