ഇടുക്കി : അരിക്കൊമ്പന് എന്ന കാട്ടാനയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. ഞാറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യസംഘം ആനയെ ഇവിടെ എത്തിച്ച് ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.
അരിക്കൊമ്പന് ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് കയറിപ്പോയെന്നും റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ലഭിച്ചതില്‍ നിന്നും വ്യക്തമായതായി പെരിയാര്‍ കടുവ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് അറിയിച്ചു. കുങ്കിയാനകളില്ലാതെയാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് ഇറക്കിവിട്ടതെങ്കിലും യാതൊരു ബുദ്ധിമുട്ടുകളും നേരിട്ടില്ലെന്ന് ദൗത്യ സംഘം പ്രതികരിച്ചു.
അരിക്കൊമ്പന്റെ ദേഹത്ത് മുറിവുകളുണ്ടെങ്കിലും ആരോഗ്യവാനാണ്. ചികിത്സ നല്‍കേണ്ട മുറിവുകളൊന്നും ശരീരത്തിലില്ല. തുറന്നുവിടുന്നതിന് മുമ്പ് ആവശ്യമായ ചികിത്സകള്‍ നല്കി. മയക്കം പൂര്‍ണ്ണമായും വിട്ടശേഷമാണ് ഉള്‍ക്കാട്ടിലേക്ക് ആനയെ തുറന്നുവിട്ടതെന്ന് ഡോ. അരുണ്‍ സക്കറിയ പ്രതികരിച്ചു. ആനയെ കൊണ്ടുപോയ ആനിമല്‍ ആംബുലന്‍സ് അടക്കം മുഴുവന്‍ വാഹനങ്ങളും നിലവില്‍ പുറത്തെത്തി.
ശനിയാഴ്ച 11.57 ഓടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചത്. വെടികൊണ്ട് അല്പദൂരം ഓടിയ ആന മരങ്ങളുടെ മറവിലേക്ക് കയറി. പിന്തുടര്‍ന്ന ദൗത്യസംഘം 12.43, 2.01, 2.26 എന്നീ സമയങ്ങളില്‍ വീണ്ടും മയക്കുവെടി വെച്ചു. ചിന്നക്കനാല്‍ വിലക്കിന് താഴെ റോഡിന്റെ മറുകരയില്‍ തളര്‍ന്നുനിന്ന അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്ന് വളഞ്ഞുപിടിക്കുകയായിരുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ അക്രമം വിതയ്ക്കുന്ന കാട്ടുകൊമ്പനെ പിടികൂടാന്‍ ഫെബ്രുവരി 21-നാണ് വനംവകുപ്പ് ഉത്തരവിട്ടത്.
ഉപഗ്രഹട്രാക്കിങ്ങുള്ള കോളറാണ് അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ തന്നെയാകും ട്രാക്കിങ് കേന്ദ്രം. റേഡിയോ ട്രാന്‍സ്മിറ്റര്‍ വെള്ളം കയറാത്തതും പെട്ടെന്ന് പൊട്ടാത്തതുമായ ഒരു ചെപ്പിനുള്ളിലാക്കി കഴുത്തില്‍ പിടിപ്പിക്കാനായി തുകല്‍സമാനമായ ബെല്‍റ്റും തീര്‍ത്തിട്ടുണ്ട്. കോളറില്‍നിന്നുള്ള സിഗ്നലുകള്‍ സാറ്റ്ലൈറ്റ് വഴി ട്രാക്കിങ് കേന്ദ്രത്തില്‍ ലഭിച്ചുകൊണ്ടിരിക്കും.
ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമതി ആവശ്യപ്പെട്ടിരുന്നത് സാറ്റ്ലൈറ്റിനൊപ്പം വെരി ഹൈ ഫ്രീക്വന്‍സി കോളര്‍ വേണമെന്നാണ്. വിഎച്ച്എഫ് ആണെങ്കില്‍ ആന്റിന ഉപയോഗിച്ച് ആനയുടെ കൃത്യസ്ഥാനം നിര്‍ണയിക്കാനാകും. ഈ സംവിധാനം അരിക്കൊമ്പനിട്ട കോളറിലുണ്ടോ എന്നതില്‍ വ്യക്തതയില്ല. മൂന്നോ വര്‍ഷം വരെയാണ് ഇതിന്റെ ബാറ്ററികാലവാധി.
അരിക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇപ്പൊള്‍ പെരിയാര്‍ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: