തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ആറുമണി മുതല്‍ വന്ദേഭാരതില്‍ കയറാനായി പ്രത്യേക പാസുമായി എത്തിയവരുടെ നീണ്ടനിര പ്രത്യക്ഷമായി. പ്രത്യേകം ക്ഷണിതാക്കളായ വിദ്യാര്‍ഥികള്‍ ദേശീയ പതാകകളേന്തിയിരുന്നു. വാര്‍ത്തകളിലൂടെ അറിഞ്ഞ വന്ദേഭാരതിലേക്ക് കയറാന്‍ പോകുന്നതിന്റെ ആകാംക്ഷയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതിലെ സന്തോഷവുമായിരുന്നു ഏവര്‍ക്കും.
ഏഴുമണിയോടെയാണ് സുരക്ഷാ പരിശോധനയോടെ സ്റ്റേഷനിലുള്ളിലേക്ക് കടത്തിവിട്ടത്. എല്ലാവരും ട്രെയിനിനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കില്‍. 7.45 ഓടെ ആദ്യം സി 5 ബോഗിയിലെ വാതില്‍ മാത്രം തുറന്നു. പിന്നെ ഓരോരുത്തരായി ട്രെയിനിലുള്ളിലേക്ക്.
വിമാനത്തിനുള്ളിലെ സൗകര്യങ്ങള്‍. കയറുന്നവരുടെ മുഖത്ത് അമ്പരപ്പും അത്ഭുതവും മാത്രം. എല്ലാവരും ആദ്യം പോയത് എക്സിക്യൂട്ടീവ് കോച്ചിലേക്ക്. 180 ഡിഗ്രിയില്‍ കറങ്ങുന്ന കസേരയും വിമാനത്തിലെ പോലെ ചെയര്‍ഹാന്റിലില്‍ ഒളിപ്പിച്ച ഫുഡ്ട്രേയും ഒക്കെ കൗതുക കാഴ്ചകളായി.
പിന്നീട് ട്രെയിന്‍ മുഴുവന്‍ നടന്നു കാണലായി. ദൃശ്യങ്ങള്‍ പകര്‍ത്തിയും യാത്രക്കാരുടെ അനുഭവം ചോദിച്ചറിഞ്ഞും ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും ട്രെയിനില്‍ തലങ്ങും വിലങ്ങും പാച്ചിലായി. എല്ലാവരുടെയും ശബ്ദത്തില്‍ കൗതുകം നിറഞ്ഞുനിന്നു. ട്രെയിനിലെ അത്യാധുനിക സംവിധാനങ്ങളും ടോയ്ലറ്റും ഒക്കെ അടിപൊളിയെന്ന് യാത്രക്കാര്‍. ട്രെയിന്‍ മുഴുവന്‍ കറങ്ങി നടന്നവര്‍ സ്വന്തം സീറ്റുകളിലേക്കെത്തി.
സീറ്റുകള്‍ പുഷ്ബാക്ക് ചെയ്യാനായിരുന്നു എല്ലാവരുടെയും ശ്രമം. ഹാന്റിലില്‍ ഒളിപ്പിച്ചിരുന്ന പുഷ്ബാക്ക് ബട്ടണ്‍ കണ്ടെത്താന്‍ പലരും ഏറെ നേരമെടുത്തു. കണ്ടെത്തിയവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുനല്കുന്ന സൗഹൃദ കാഴ്ചകള്‍. വീണ്ടും സെല്‍ഫിയിലേക്കും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യലുമായി തിരക്കിലേക്ക്.
ഒമ്പതര മണിയോടെ ട്രെയിനിലെ ഡോറുകള്‍ അടയ്ക്കുന്നുവെന്ന് സന്ദേശമെത്തി. അല്പനേരം നിശബ്ദം. ട്രെയിനിലെ ശീതീകരണ സംവിധാനം ഒന്നുകൂടി ഉഷാറായി. പ്രധാനമന്ത്രി എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന വാര്‍ത്തകള്‍ മൊബൈലുകളില്‍ നിറഞ്ഞു. രാവിലെ 10.20ന് പ്രധാനമന്ത്രി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിനാല്‍ 10.15 ന് തന്നെ ട്രെയിനിന്റെ എഞ്ചിന് സ്റ്റാര്‍ട്ടാക്കി.
അദ്ദേഹത്തിന്റെ വാഹന വ്യൂഹം സ്റ്റേഷനു മുന്നില്‍ എത്തിയത് 10.52നായിരുന്നു. ട്രെയിനിലുള്ളിലും ആവേശം അലതല്ലി. പ്രധാനമന്ത്രി ആദ്യ കമ്പാര്‍ട്ട്മെന്റിലേക്ക് കയറി. വന്ദേഭാരതിനെ ആസ്പദമാക്കി വിവിധ വിദ്യാലയങ്ങളില്‍ ചിത്രം, കവിത, ഉപന്യാസ രചനാമല്‍സരങ്ങളില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു. അവരോട് അദ്ദേഹം 20 മിനിട്ടോളം സംസാരിച്ചു.
പ്രധാനമന്ത്രി ട്രെയിനില്‍ ഇറങ്ങി നേരെ വേദിയിലേക്ക് കയറി. 11.12ന് ഫഌഗ് ഓഫ്. പിന്നെ ഒറ്റകുതിപ്പായിരുന്നു. നിമിഷം കൊണ്ട് 60ല്‍ എത്തി. പേട്ട കടന്നു പോയത് 89 കീ.മി. വേഗത്തില്‍. വളവുകളില്‍ വേഗം കുറയുന്നതും വളവ് കഴിയുമ്പോള്‍ വേഗം കൂടുന്നതും നിമിഷനേരം കൊണ്ട്.
തുമ്പയ്ക്കും കഴക്കൂട്ടത്തിനും ഇടയില്‍ വേഗത ആദ്യ സെഞ്ച്വറി അടിച്ചു. വര്‍ക്കലയ്ക്കു തൊട്ടുമുമ്പ് 101 ല്‍ കുതിച്ചു. കൊല്ലം വളവ് തിരിയാന്‍ 12 ലേക്ക് വരെ ചുരുങ്ങേണ്ടിവന്നു. വന്ദേഭാരതില്‍ ടിടിഐമാരായി ഉണ്ടായിരുന്നത് 16 പേര്. അതില്‍ 13 പേരും കായിക താരങ്ങളെന്ന പ്രത്യേകതയും ഉണ്ടായി.
വന്ദേഭാരതിനെ കാണാന്‍ ട്രാക്കിന് ഇരുവശവും നൂറുകണക്കിന് പേരാണ് ഓരോ സ്ഥലത്തും കാത്തുനിന്നത്. പുഷ്പവൃഷ്ടി നടത്തിയും കൈവീശി കാണിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും ആവേശത്തോടെ ശബ്ദമുണ്ടാക്കിയും അവര്‍ വന്ദേഭാരതിനെ വരവേറ്റു. നിര്‍ത്തിയ സ്റ്റേഷനുകളിലെല്ലാം ആവേശോജ്ജ്വല സ്വീകരണങ്ങള്‍. ഇതുകൂടി ആയതോടെ ട്രെയിനിലുള്ളിലുള്ളവരും ആവേശഭരിതരായി. ആകാംക്ഷയും കൗതുകവും അത്ഭുതവുമെല്ലാം വഴിമാറി. എല്ലാവരുടെയും മുഖത്ത് ഭാരതത്തിന്റെ സ്വന്തം വന്ദേഭാരതിന്റെ ആദ്യയാത്രയില്‍ പങ്കെടുക്കാനായതിന്റെ അഭിമാനം തെളിഞ്ഞുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: