കൊച്ചി: കൊച്ചിയിലെത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ആരാധകരുടെ ആദരവിന്റെ തോരാത്ത പുഷ്പവൃഷ്ടിയായിരുന്നു ഉണ്ടായത്.. വെണ്ടുരുത്തി പാലത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറാതെ ഏറെ ദൂരം നടന്നതോടെ പുഷ്പവൃഷ്ടിക്കും ശക്തിയേറി. എന്നാല്‍, പ്രധാനമന്ത്രിക്കു നേരേ ആവേശത്തോടെ പൂക്കള്‍ എറിയുന്നതിനിടെ ആരുടെ കൈയില്‍ നിന്നോ പ്രധാനമന്ത്രി നേരേ എത്തിയ ഒരു മൊബൈല്‍ ഫോണും അതു തട്ടിയകറ്റിയ എസ്പിജി കമാന്‍ഡോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രധാനമന്ത്രിക്കൊപ്പം നടക്കുകയായിരുന്ന എസ്പിജി കമാന്‍ഡോ ആണ് മോദിക്കു നേരേ എത്തിയ മൊബൈല്‍ ദ്രുതഗതിയില്‍ കൈകൊണ്ടു തട്ടി തറയില്‍ ഇട്ട ശേഷം കാലു കൊണ്ട് റോഡരുകിലേക്ക് തട്ടിമാറ്റിയത്. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി മുന്നോട്ടു നീങ്ങി.
കേരളീയ വേഷ്ടിയും ജൂബ്ബയും മേല്‍മുണ്ടുമണിഞ്ഞ് മെല്ലെ റോഡിനിരുവശവും തിങ്ങിനിന്നിരുന്ന ആരാധകരോട് കൈവീശിയാണ് മോദി നീങ്ങിയത്. റോഡിനിരുവശത്ത് നിന്നും ജനങ്ങള്‍ മോദിയ്ക്ക് നേരെ പുഷ്പവൃഷ്ടി നടത്തുകയായിരുന്നു. തോരാത്ത പുഷ്ടവൃഷ്ടിയില് മോദി നടക്കുന്ന പാത വരെ പീതവര്‍ണ്ണമായി.
ഒരു ഘട്ടത്തില്‍ മോദിക്ക് തന്നെ പല തവണ മുഖത്ത് വന്നുവീഴുന്ന പൂക്കള്‍ മാറ്റാന്‍ കണ്ണട പല തവണ ഊരിമാറ്റേണ്ടതായും വന്നു. കുറെക്കഴിഞ്ഞ് മോദി നടത്തം നിര്‍ത്തി വാഹനത്തിലേറിയപ്പോള്‍ ആ വാഹനവും മഞ്ഞനിറമായി. അത്രയ്ക്ക് ആവേശത്തോടെയായിരുന്നു മോദിയ്ക്ക് നേരെയുള്ള ആരാധകരുടെ പുഷ്പവൃഷ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: